കണ്ണൂര്‍: അറയ്ക്കല്‍ ബീവി ആദിരാജ സുല്‍ത്താന ഫാത്തിമ മുത്തുബീവി (86) അന്തരിച്ചു. തലശേരിയിലെ സ്വവസതിയിൽ വച്ച് ഇന്ന് രാവിലെ 11 നായിരുന്നു അന്ത്യം.

1932 ഓഗസ്റ്റ് മൂന്നിന് എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കൽ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ആദിരാജ ഫാത്തിമ മുത്തുബീവിയുടെ ജനനം. അറക്കൽ രാജ വംശത്തിന്റെ അധികാര സ്ഥാനത്തുണ്ടായിരുന്ന അന്തരിച്ച ആദിരാജ ഹംസ കോയമ്മ തങ്ങൾ, അന്തരിച്ച ആദിരാജ സൈനബ ആയിഷബി എന്നിവർ സഹോദരങ്ങളാണ്.

Read More Kerala News

കണ്ണൂർ സിറ്റിയിലെ അസീസ് മഹലിൽ ജനിച്ചു വളർന്ന ബീവിക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയത് കണ്ണൂർ സിറ്റിയുടെ ആധുനിക വിദ്യാഭ്യാസ ശിൽപിയായ അന്തരിച്ച എ.എൻ കോയക്കുഞ്ഞി സാഹിബാണ്. കണ്ണൂർ സിറ്റിയിലെ പലമാടത്തിൽ അറക്കലിന്റെ ആശീർവാദത്തോടെ പ്രവർത്തിച്ച കോയിക്കാന്റെ സ്‌കൂളിലാണ് ബീവി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്തരിച്ച സി.പി കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകൾ ആദിരാജ ഖദീജ സോഫിയയാണ്.

കണ്ണൂർ സിറ്റി ജുമ അത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താന എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്‌തമായിട്ടുള്ളത്. കണ്ണൂർ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നേതൃത്വം നൽകുന്ന അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.

2018 ൽ ജൂണ് 26ന് സഹോദരിയും, 38മത് അറക്കൽ സ്ഥാനിയുമായിരുന്ന അറക്കൽ സുൽത്താന സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടർന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39-മത് അറക്കൽ സുൽത്താന സ്ഥാനം ഏറ്റെടുത്തത്.

തലശ്ശേരി ഓടത്തിൽ പള്ളിയിൽ മഗ്രിബ് നമസ്കാര ശേഷം ഇന്ന് വെെകീട്ട് മയ്യത്ത് നിസ്കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യസ്‌ അഹമദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.