scorecardresearch
Latest News

എ ആര്‍ നഗര്‍ ബാങ്ക്: ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി; വിശദീകരണവുമായി ഭരണ സമിതി

ബാങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1029 കോടി രൂപയുടെ കള്ളപ്പണ, ബിനാമി ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്

AR Nagar Bank

മലപ്പുറം: 1029 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കെതിരെ നടപടി. 32 ജീവനക്കാരെ സ്ഥലം മാറ്റി. ക്രമക്കേടിനെതിരെ മൊഴി നല്‍കിയവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.

ജീവനക്കാര്‍ക്കെതിരായ നടപടി സഹകരണ റജിസ്ട്രാറുടെ നിര്‍ദേശ പ്രകാരമാണെന്ന് ബാങ്ക് ഭരണ സമിതി പ്രതികരിച്ചു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മാറ്റം നല്‍കണമെന്നാണ് ഉത്തരവെന്നും ഭരണ സമിതി വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തട്ടിപ്പുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍ എത്തിയിരുന്നു. ഇതിന്റെ എല്ലാം പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ജലീലിന്റെ വാദം. സഹകരണ വകുപ്പിലെ ഇന്‍സ്പെക്ഷന്‍ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജലീലിന്റെ വാക്കുകള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബാങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1029 കോടി രൂപയുടെ കള്ളപ്പണ, ബിനാമി ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്. 257 കസ്റ്റമർ ഐഡികൾ പരിശോധിച്ചപ്പോൾ 862 ബിനാമി അക്കൗണ്ടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്കിൻറെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ നിന്ന് കസ്റ്റമറുടെ മേൽവിലാസങ്ങൾ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്, ജലീല്‍ പറഞ്ഞു.

മുസ്ലിം ലീഗ് നേതാവ് അബ്ദു റഹ്മാൻ രണ്ടത്താണി അടക്കം ഉള്ളവർക്ക് അനധികൃത വായ്പയും ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ ടൈറ്റാനിയം മലബാർ സിമൻറ്സ്, കെഎംഎംഎൽ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെ മറയാക്കി ബിനാമി ഇടപാടുകളിലൂടെ സ്വരൂപിച്ച അഴിമതിപ്പണം എആർ നഗർ അക്കൗണ്ടിലൂടെയാണ് ക്രയവിക്രയം നടത്തിയതെന്നും മുന്‍ മന്ത്രി ആരോപിച്ചു.

Also Read: എ ആര്‍ നഗര്‍ ബാങ്ക്: മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കെ ടി ജലീല്‍, ‘പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റത്’

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ar nagar bank fraud case action against employees