തിരുവനന്തപുരം : പട്ടികജാതി- പട്ടികവര്‍ഗ (പീഡന വിരുദ്ധ നിയമം)  പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ദലിത് സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച ബന്ദിന് പിന്തുണയേറുന്നു. ഏപ്രില്‍ 9ന് തിങ്കളാഴ്ച കേരളത്തില്‍ നടത്താനിരുന്ന ഹര്‍ത്താലിന് ദലിത്- ആദിവാസി- ബഹുജന്‍ സംഘടനകള്‍ക്ക് പുറമേ വിവിധ ജനാധിപത്യ പാര്‍ട്ടികളും ബഹുജന സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പിന്തുണയേകിയിട്ടുണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ അകലം പാലിച്ചയിടത്താണ് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹർത്താലിന് അനുകൂലിച്ച്  മുപ്പതോളം സംഘടനകള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആർ.എം, സി.എസ്.ഡി.എസ്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആർ.എം.പി, എൻ.ഡി.എൽ.എഫ്, എ.കെ.സി.എച്ച്് എം.എസ്, എൻ.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, എെ.ഡി.എഫ്, കൊടുങ്ങൂർ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലൻമഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസൺസ് ഫോറം, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ, എസ്സ്.സി/എസ്സ്.ടി കോ-ഒാർഡിനേഷൻ കമ്മിറ്റി – പാലക്കാട്, എസ്.സ്സി/എസ്സ്.ടി കോ-ഒാർഡിനേഷൻ കമ്മിറ്റി-കാസർഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസർഗോഡ്, ഡി.എസ്സ്.എസ്സ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കേരള ചേരമർ സംഘം, എൻ.സി.എച്ച്.ആർ.ഒ, പൊമ്പിളൈ ഒരുമൈ, സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, സാംബവർ മഹാസഭ തുടങ്ങിയ സംഘടനകളാണ് നിലവില്‍ ബന്ദിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗകാര്‍ക്ക് നേരെ ജാതീയമായ പീഡനങ്ങള്‍ ഉണ്ടാവുകയാണ് എങ്കില്‍ നടപടി ഉറപ്പാക്കുന്ന നിയമത്തെ മാര്‍ച്ച് 20ന് പുറപ്പെടുവിച്ച ഒരു വിധിയിലൂടെ സുപ്രീംകോടതി ദുര്‍ബലപ്പെടുത്തുന്നു എന്നും നിയമം പഴയപടി പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബന്ദ്. പട്ടികജാതി പട്ടിക വര്‍ഗ (പീഡന വിരുദ്ധ) നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും നിഷ്കളങ്കരാണ് കേസിൽ പ്രതിചേർക്കപ്പെടുന്നത് എന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു പരമോന്നത കോടതിയുടെ വിധി. ഇതിനെതിരെ രാജ്യവ്യാപകമായി ദലിത് പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ടാം തീയ്യതി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായ് അരങ്ങേറിയ ദലിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ പത്ത് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ദലിത് പ്രതിഷേധത്തിന് നേരെ അരങ്ങേറിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൂടിയാണ് തിങ്കളാഴ്ച കേരളാ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടയില്‍, ഹര്‍ത്താലിനോട്‌ സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി,സ്റ്റേറ്റ് ബസ് ഓണേഴ്സ് ഫെഡറേഷന്‍,കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ബസ് ഓണേഴ്സ് അസോസിയേഷന്‍, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ അറിയിക്കുകയുണ്ടായി. ഇതിന് തൊട്ടു പിന്നാലെയാണ് മുഖ്യധാരയില്‍ പെടാത്ത പല സംഘടനകളും ഹർത്താലിന്  പിന്തുണയറിയിച്ചുകൊണ്ടും മുന്നോട്ട് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ സുപ്രീം കോടതി വിധി ഉയർത്തിയിരിക്കുന്ന ഗുരുതരമായ ഭീഷണിയാണ് ഹർത്താലിന് അനുകൂലമായി വ്യാപകമായ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കാൻ കാരണമായിരിക്കുന്നത് എന്ന് ദലിത് ഐക്യവേദി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വിപുലമായ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷമാണ് പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങൾക്കു വേണ്ടിയുള്ള മറ്റ് സാമ്പത്തികപരിഷ്കരണങ്ങളോടൊപ്പം അതിക്രമം തടയൽ നിയമവും (1989) പാസ്സാക്കിയത്. ഇരകൾക്ക് വേണ്ടി നീതിനിർവ്വഹണം നടത്താൻ മേൽപറഞ്ഞ നിയമത്തിൽ നിയുക്തമായത് ഉത്തരവാദിത്വമുള്ള പോലീസും, ഉദ്യോഗസ്ഥരും, കോടതിയുമാണ്. ജാതീയമായ മുൻവിധി. ഇത്തരം സംവിധാനങ്ങളെ സ്വാധീനിക്കാതിരിക്കാൻ ശിക്ഷാനടപടി വൈകിക്കുന്ന ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കാനും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ കുറ്റങ്ങളെ ജാമ്യമില്ലാത്തവയാക്കിയതും നിയമത്തിന്റെ പ്രത്യേകതകളാണ്. ആ നിയമമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ദലിത് ഐക്യവേദി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.