തൊടുപുഴ: കേരളത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഏക സ്ഥലമായ കാന്തല്ലൂരില്‍ ആപ്പിള്‍ വിളവെടുപ്പു തുടങ്ങി. മൂന്നാറില്‍ നിന്ന് 53-കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കാന്തല്ലൂരിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ആപ്പിള്‍ വിളവെടുപ്പുകാലം. കശ്മീരിലും മറ്റും വിളയുന്ന ആപ്പിള്‍ നേരിട്ടു കാണാനും തോട്ടങ്ങളില്‍ നിന്നു വാങ്ങാനും അവസരം ലഭിക്കുന്നുവെന്നതാണ് സഞ്ചാരികളെ കാന്തല്ലൂരിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

ആപ്പിളിനു പുറമേ സ്‌ട്രോബറി, ഓറഞ്ച്, പ്ലംസ്, മരത്തക്കാളി, സബര്‍ജില്‍, പാഷന്‍ഫ്രൂട്ട് എന്നിവയും കാന്തല്ലൂരിലെ പഴത്തോട്ടങ്ങളില്‍ വ്യാപകമായുണ്ട്. കാന്തല്ലൂര്‍, കുളച്ചിവയല്‍, കീഴാന്തൂര്‍, പെരുമല, പുത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് ആപ്പിള്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. നിലവില്‍ കാന്തല്ലൂര്‍ പഞ്ചായത്തില്‍ വിവിധ തോട്ടങ്ങളിലായി അഞ്ചു ഹെക്ടറോളമാണ് ആപ്പിള്‍ കൃഷിയുള്ളതെന്ന് കാന്തല്ലൂര്‍ കൃഷി ഓഫീസര്‍ എം.ഗോവിന്ദരാജ് പറഞ്ഞു.

apple, ie malayalam
apple, ie malayalam

നവംബര്‍-മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലെത്തിയാല്‍ മാത്രമേ ആപ്പിള്‍ കൃഷിയില്‍ നിന്നു മികച്ച വിളവു ലഭിക്കൂ. എന്നാല്‍ കാന്തല്ലൂരില്‍ ഇപ്പോള്‍ പരമാവധി താപനില താഴുന്നത് എട്ടു ഡിഗ്രിവരെയാണ്. ഇതും ആപ്പിളിന്റെ ഉൽപാദനത്തെ ബാധിക്കുന്നുണ്ട്. ആപ്പിള്‍ വ്യാപകമായ തോതിലുള്ള കൃഷി എന്നതിനു പകരം സഞ്ചാരികളെ ആകര്‍ഷിക്കാനാണ് മിക്ക ഫാം ഉടമകളും ഉപയോഗിക്കുന്നതെന്ന് ഗോവിന്ദരാജ് പറയുന്നു.

apple, ie malayalam
apple, ie malayalam

കശ്മീര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മാത്രം വിളയുന്ന ആപ്പിള്‍ സഞ്ചാരികള്‍ക്കു നേരിട്ടു കാണാനും വാങ്ങാനും അവസരമൊരുക്കുകയാണ് തങ്ങളെന്ന് കാന്തല്ലൂരിലെ ആപ്പിള്‍ കര്‍ഷകനായ സി.ടി.കുരുവിള പറയുന്നു. ഞങ്ങളുടെ മൂന്നര ഏക്കര്‍ വിസ്തൃതിയുള്ള തോട്ടത്തില്‍ ആപ്പിള്‍ ഉള്‍പ്പടെയുള്ള എല്ലാ പഴങ്ങളുമുണ്ട്. സഞ്ചാരികള്‍ക്ക് 20 രൂപ വീതം നല്‍കി തോട്ടം കാണാനാവും. ഇതോടൊപ്പം ആപ്പിള്‍ ഉള്‍പ്പടെയുള്ള പഴങ്ങള്‍ ആവശ്യപ്പെടുന്ന സഞ്ചാരികള്‍ക്ക് തോട്ടത്തില്‍ നിന്നു തന്നെ പറിച്ചു നല്‍കുകയും ചെയ്യും. ആപ്പിളിന് കിലോയ്ക്ക് 200 രൂപ മുതലാണ് വില ഈടാക്കുന്നത്. ഈ വര്‍ഷത്തെ മഴക്കുറവും കഴിഞ്ഞ വര്‍ഷത്തെ പ്രളയവും പഴങ്ങളുടെ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കുരുവിള പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.