ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ എത്തിയാണ് അബ്ദുള്ളക്കുട്ടി ഇരുവരെയും നേരിൽ കണ്ടത്. ബിജെപിയില്‍ ചേരാന്‍ മോദിയും അമിത് ഷായും തന്നോട് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ബിജെപിയില്‍ അബ്ദുള്ളക്കുട്ടി ചേരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളൊന്നും കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.
Read Also: അബ്ദുള്ളക്കുട്ടി പോകുന്ന വഴികള്‍: ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി
നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുളളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഫെയ്സ്ബുക്ക് പോസ്റ്റിലെ തന്റെ നിലപാടിൽ അബ്ദുളളക്കുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് അബ്ദുളളക്കുട്ടിയെ കോൺഗ്രസിൽനിന്നും പുറത്താക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചത്.
അബ്ദുളളക്കുട്ടിയുടെ മോദി സ്തുതിക്കെതിരെ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍ ഡിസിസിയാണ് അബ്ദുളളക്കുട്ടിക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം തേടിയിരുന്നു.
Read Also: ‘ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളത്’; കെപിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു എ.പി.അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
‘മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ‘സ്മാർട്ട് സിറ്റികൾ, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നു. മോദിയെ വിമർശിക്കുന്പോൾ ഈ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിനു കൈകോർക്കുന്ന ഭരണ-പ്രതിപക്ഷ ശൈലി ചർച്ചയ്ക്കെടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.