കൊച്ചി: നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്ത് വന്നതിന് പിന്നാലെ വി.എം.സുധീരനെതിരെയും പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുളളക്കുട്ടി. തന്നോട് സുധീരന് വ്യക്തി വിരോധമാണെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി വി.എം.സുധീരൻ തന്നോട് ഇത് കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എതിർക്കുന്നതെന്നാണ് അബ്ദുളളക്കുട്ടിയുടെ വാദം. നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേശ് ചെന്നിത്തല വിളിച്ചുചേർത്ത യോഗത്തിൽ അതിനെ വിമർശിച്ച സുധീരനെതിരെ നിന്നതിനാണ് അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു.
‘ഒരു ആദർശവുമില്ലാത്ത നേതാവാണ് വി.എം.സുധീരൻ. ഉമ്മൻചാണ്ടി സർക്കാരിനെ ഇല്ലാതാക്കിയ നേതാവാണ് അദ്ദേഹം. അതിനാൽ സുധീരൻ വലിയ പാർട്ടി സ്നേഹമോ ആദർശമോ തന്നോട് പറയേണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യം ജനങ്ങൾക്ക് മനസിലാകുമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപിയിലെ കർണാടക നേതാക്കളുമായി ചർച്ച നടത്തിയെന്നത് അഭ്യൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീക്ഷണത്തിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിധത്തിൽ വിധി പ്രസ്താവം നടത്തിയിരിക്കയാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പിനെ കുറിച്ച് താൻ ആലോചിച്ചിട്ടില്ല. തന്നോട് വിശദീകരണം ചോദിക്കാതെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നതെന്നും അബ്ദുളളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Read More: ‘മോദി സ്തുതി’; അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉണ്ണിത്താൻ
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി.എം.സുധീരന് പറഞ്ഞിരുന്നു. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എംഎല്‍എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം.സുധീരന് പറഞ്ഞിരുന്നു.
അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലായെന്നും വി.എം.സുധീരന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ വിമര്‍ശിക്കുകയും ചെയ്തു. മോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നീചമാണെന്ന് വീക്ഷണം വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് മംഗളപത്രം ലഭിക്കുന്നത് അംഗീകരിക്കാനാവില്ല. കാസര്‍കോട് മത്സരിക്കാനുള്ള മോഹം പൊലിഞ്ഞതാണ് കൂറുമാറ്റത്തിന് കാരണം. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ കച്ച കെട്ടുന്ന അബ്ദുളളക്കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നും വീക്ഷണം മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
‘അബ്ദുളളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണ്. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്ക് പോകുന്നതെന്നും വീക്ഷണം എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു. മോദിയുടെ വിജയം വികസനത്തിനുളള അംഗീകാരമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.