/indian-express-malayalam/media/media_files/uploads/2019/06/abdullakutty-abdullakkutty.1.220388.jpg)
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ലോക്സഭാ വിജയത്തെ സ്‌തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ കണ്ണൂർ എംപി എ.പി.അബ്‌ദുള്ളക്കുട്ടി ഇന്ന് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലായിരിക്കും ചടങ്ങ് നടക്കുക. രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ലാല്‍ സൈനി അന്തരിച്ച സാഹചര്യത്തില്‍ ചടങ്ങ് നാളെ നടത്താനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേരള നേതാക്കളുമായുള്ള ചർച്ചയ്‌ക്കു ശേഷം പ്രഖ്യാപനമുണ്ടാകും.
Read More: അബ്ദുള്ളക്കുട്ടി പോകുന്ന വഴികള്‍: ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി
മോദി സ്‌തുതിയുടെ പേരിൽ ആദ്യം സിപിഎമ്മും പിന്നീട് കോൺഗ്രസും പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് നീങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ഇന്നലെ രാവിലെ പാർലമെന്റിലെ ഓഫീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ബിജെപിയിലേക്ക് ചേരാൻ പ്രധാനമന്ത്രി ക്ഷണിച്ചതായി അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് മോദിയെ അഭിനന്ദിക്കാനാണ് പോയത്. ന്യൂനപക്ഷങ്ങളെ നന്നായി നോക്കുന്ന സർക്കാരാണിതെന്ന് മോദി അറിയിച്ചതായി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മുസ്‌ലിം വനിതയ്‌ക്ക് ഗ്യാസ് കണക്‌ഷൻ നൽകിയാണ് ഉജ്ജ്വൽ യോജ്നാ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. അമിത് ഷായെയും കാണാൻ മോദി നിർദേശിച്ചു. ഷായും ബിജെപിയിലേക്ക് സ്വാഗതം ചെയ്തെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു.
അബ്‌ദുള്ളക്കുട്ടി വഴി കേരളത്തിൽ മുസ്‌ലിം വിഭാഗം അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം, അയൽ സംസ്ഥാനമായ കർണാടകയിൽ പ്രവർത്തിക്കാൻ അബ്ദുള്ളക്കുട്ടി താത്പര്യം പ്രകടിപ്പിച്ചെന്നും അറിയുന്നു. ഇന്നലത്തെ ചർച്ചകളിൽ സംസ്ഥാന ബിജെപി നേതാക്കൻമാർ ആരുമുണ്ടായിരുന്നില്ല. കർണാടകയിൽ നിന്നുള്ള എംപിയും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.