കണ്ണൂർ: ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ ജനാധിപത്യ പ്രസ്ഥാനത്തിലേക്ക്​ തന്നെ സ്വീകരിച്ചത്​ ഏതോ മുജ്ജന്മ സുകൃതമായി താൻ കാണുന്നുവെന്ന്​ കോൺഗ്രസിൽ നിന്ന്​ പുറത്താക്കിയതിനെ തുടർന്ന്​​ ബിജെപിയിൽ ചേർന്ന മുൻ എംപി എ.പി.അബ്​ദുളളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കൾ സ്‌നേഹപൂർവം ഉപദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്​ദുളളക്കുട്ടിയെ ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ ചേർന്ന്​ സ്വീകരിച്ചു. തുടർന്ന്​ അദ്ദേഹം ബിജെപി ഓഫീസി​ലെ മാരാർ പ്രതിമയിൽ ഹാരാർപ്പണം നടത്തി.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദയിൽ നിന്നായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

‘ചെയ്യാത്ത തെറ്റിന്റെ പേരിൽ കേരളത്തിലെ ഇടത്​ വലത്​ രാഷ്​ട്രീയം പടിയടച്ച്​ പിണ്ഡം വച്ച ഒരു പ്രവർത്തകനാണ്​ ഞാൻ. ബിജെപി ന്യൂനപക്ഷ സമുദായത്തിന്​ എതിരാണെന്നത്​ ഒരു കളവാണ്​. ബിജെപിയെന്ന മഹാ പ്രസ്​ഥാനത്തെ ഇന്ത്യയും ലോകവും തെറ്റിദ്ധരിച്ചിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ്​ ബിജെപിയെന്നും അബ്​ദുളളക്കുട്ടി പറഞ്ഞു.

Read More: ‘ഇനി ദേശീയ മുസ്‌ലിം’; അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു

‘ബിജെപിയിലേക്ക്​ ചേർന്നപ്പോൾ താൻപറഞ്ഞത്​ ഇനി എന്നെ ദേശീയ മുസ്​ലിം എന്നു വിളിക്കണമെന്നായിരുന്നു. എന്നാലിപ്പോൾ അതിന്റെ പേരിൽ എന്നെ ട്രോൾ ചെയ്​തുകൊണ്ടിരിക്കുകയാണ്​​. കേരളത്തിലെ മുസ്​ലിം ചെറുപ്പക്കാർ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ്​ തന്നെ ​കളിയാക്കുന്നത്​. ദേശീയ മുസ്​ലിം എന്ന്​ താൻ ബോധപൂർവം ഉപയോഗിച്ചതാണ്​. മുഹമ്മദലി ജിന്ന വിഭജനത്തിന്റെ രാഷ്​ട്രീയം മുന്നോട്ട്​ വച്ചപ്പോൾ ഖാൻ അബ്​ദുൽ ഖാഫർ ഖാനേയും അബ്​ദുൽ കലാം ആസാദിനേയും ​പോലുള്ളവർ ഈ രാജ്യത്തിന്റെ മഹാ പൈതൃകത്തിനും സംസ്​കാരത്തിനും ഒപ്പമാണെന്ന്​ പ്രഖ്യാപിച്ചവരാണ്​. ജനിച്ച മണ്ണിൽ ജീവിച്ച്​ മരിക്കുന്ന ദേശീയ മുസ്​ലികളാണെന്ന്​ പ്രഖ്യാപിച്ച ആ ചരിത്ര ഘട്ടത്തെ അനുസ്​മരിപ്പിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്‌ലിമായെന്ന് അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മുസ്‌ലിമിനും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അഴിമതിയില്ലാത്ത, സത്യസന്ധനായ ഭരണാധികാരിയാണ്​ നരേന്ദ്ര മോദി. പൊതു പ്രവർത്തനം തപസായി കൊണ്ടുനടക്കുന്ന നേതാവാണ്​ അദ്ദേഹം. നരേന്ദ്ര മോദിയുടെ ഗുജറാത്തിൽ ഒരു വ്യവസായിയും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും അബ്​ദുളളക്കുട്ടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.