മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം. ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ച ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെ കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. ഏറനാട് തഹസില്‍ദാറാണ് ഇദ്ദേഹം. പി.ശുഭന് പകരം പി.സുരേഷിനാണ് തഹസില്‍ദാറിന്റെ ചുമതല. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടത്തിന് വേണ്ടി തടയണ പൊളിച്ചു മാറ്റുന്ന ജോലികള്‍ക്ക് തഹസില്‍ദാര്‍ ആണ് നേതൃത്വം നല്‍കുന്നത്.

Read Also: കണ്ണൂര്‍ ജയിലില്‍ മിന്നല്‍ റെയ്ഡ്; കഞ്ചാവ് അടക്കം പിടികൂടി

ഇന്നലെയാണ് തടയണ പൊളിക്കാന്‍ ആരംഭിച്ചത്. ഒരാഴ്ച സമയം എടുത്തായിരിക്കും പൊളിച്ചുമാറ്റല്‍ നടക്കുക. തടയണയിലെ മണ്ണു നീക്കി വെള്ളം ഒഴുക്കി വിടാനുള്ള ശ്രമമാണ് തുടക്കത്തില്‍ പുരോഗമിക്കുന്നത്. ഇതിനു പിന്നാലെ ബോട്ടുജെട്ടിക്ക് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് തൂണുകളും റോപ്പ് വേയുടെ ഭാഗങ്ങളും പൊളിച്ചു നീക്കും.

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് റവന്യൂ കമ്മീഷ്ണറുടെ ഉത്തരവിലുള്ളത്. മറ്റ് ചില സ്ഥലങ്ങളിലും തഹസിൽദാർമാർക്ക് മാറ്റമുണ്ട്.

Read Also: കോടതി പറഞ്ഞിട്ടും പൊളിയാത്ത തടയണ; ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

തടയണ സ്വമേധയാ പൊളിച്ചുനീക്കാമെന്ന് ഉടമസ്ഥർ നേരത്തെ കോടതിക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ, കോടതിക്ക് നൽകിയ വാക്ക് പാലിക്കപ്പെട്ടില്ല. ഇതിൽ കോടതി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ഒടുവിൽ അന്ത്യശാസനം നൽകിയാണ് തടയണ പൊളിച്ചുനീക്കാൻ ആരംഭിച്ചത്.

നാട്ടുകാരുടെ കുടിവെള്ള സ്രോതസ് കെട്ടിയടച്ച പരാതിയില്‍ തടയണ പൂര്‍വ സ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്ഥലം ഉടമയും അന്‍വറിന്റെ ഭാര്യാപിതാവുമായ അബ്ദുള്‍ ലത്തീഫ് തടയണ പരിസ്ഥിതിക്ക് ദോഷകരമാണെന്നു ചൂണ്ടിക്കാട്ടി ആലുവ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുമാണ് കോടതിയെ സമീപിച്ചത്. തടയണ പൊളിച്ച് 15 ദിവസത്തിനുള്ളില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

മേയ് 30 നകം തന്നെ തടയണ പൊളിച്ചുനീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അത് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചത്. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ചീങ്കണ്ണിപ്പാലയിലെ തടയണയില്‍ നിന്ന് വെള്ളം ഒഴുക്കി കളഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും തടയണ പൊളിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.

അൻവറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലാണ് തടയണ നിർമിച്ചിട്ടുള്ളത്. തടയണ സ്വന്തമായി പൊളിച്ചു നീക്കിക്കൊള്ളാമെന്ന് ഭാര്യാപിതാവ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഭാഗികമായി മാത്രമാണ് പൊളിച്ചുനീക്കിയത്. ഇതിൽ കോടതി വിമർശനമുന്നയിച്ചു. ഉത്തരവ് പൂർണമായും പാലിക്കാത്തതിന് അൻവറിന്റെ ഭാര്യാപിതാവിന്റെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.