തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമ എസ് ചന്ദ്രന് അനുകൂല നടപടിയുമായി കോടതി. ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. കേസിലെ തുടര്‍ നടപടികള്‍ അറിയിക്കാന്‍ സാര്‍ക്കാരിന് നിര്‍ദേശവും നല്‍കി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണം. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബക്കോടതിയാണു വിധി പുറപ്പെടുവിച്ചത്.
ഒരുപാട് സന്തോഷമുണ്ടെന്നും കുഞ്ഞിനെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് കോടതി ഉത്തരവിന് ശേഷം അനുപമ പ്രതികരിച്ചു. ഇപ്പോള്‍ കിട്ടുന്ന പിന്തുണ നേരത്തെ കിട്ടിയിരുന്നെങ്കില്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നേനെ എന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
താനറിയാതെയാണു കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ മാതാപിതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണു സര്‍ക്കാര്‍ തടസഹര്‍ജി സമര്‍പ്പിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്ത് നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നു സര്‍ക്കാരിനുവേണ്ടി ഗവ.പ്ലീഡര്‍ കോടതിയെ അറിയിച്ചു. കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവും സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം സംബന്ധിച്ചും ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കു ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ദത്തു നല്‍കിയത്. കേസില്‍ ശിശുക്ഷേമസമിതി ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണ് കുടംബക്കോടതി കേസ് തെളിവെടുപ്പ് അവസാനിപ്പിച്ച് വിധി പറയാന്‍ മാറ്റിയത്.
കുഞ്ഞുമായി രക്തബന്ധമുളളവര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിലും ദത്തുനല്‍കിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നു സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തതിനാല്‍ കോടതി അനുപമയ്ക്ക് അനുകൂല നിലപാട് എടുത്തേക്കുമെന്നാണ് നിയമവൃത്തങ്ങളില്‍നിന്നുള്ള വിവരം.
ഇതിനെതിരെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളോ കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി(കാര)യോ മേല്‍ക്കോടതികളെ സമീപിച്ചാല്‍ നിയമവ്യവഹാരം കൂടുതല്‍ സങ്കീര്‍ണമാവും. കാരയുടെ മേല്‍നോട്ടത്തിലാണു കുഞ്ഞിനെ ദത്തുനല്‍കിയത്.
സര്‍ക്കാര്‍ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍നിന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവരുന്നതാവും അടുത്ത നടപടി. അതിനുശേഷമായിരിക്കും കുഞ്ഞ് അനുപമയുടേതാണോയെന്ന് നിര്‍ണയിക്കുന്നതിനു ഡിഎന്‍എ പരിശോധന നടത്തുക.
അതേസമയം, തന്നില്‍ നിന്ന് കുഞ്ഞിനെ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റിയെന്ന് ആരോപിച്ച് അനുപമ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അഞ്ചുപേര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹര്‍ജിയിലെ വാദം.