കൊച്ചി: ദത്തുവിവാദത്തില്‍ ഉള്‍പ്പെട്ട തന്റെ കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അനുപമ എസ്.ചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചു. അനുപമയുടെ മാതാപിതാക്കളായ പിഎസ് ജയചന്ദ്രൻ, മാതാവ് സ്മിത ജയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മാതാപിതാക്കള്‍ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിച്ചെന്നും അനുപമ ഹര്‍ജിയില്‍ ആരോപിക്കുന്നു. കുഞ്ഞ് എവിടെയാണന്ന് അറിയില്ല. ഒരു വര്‍ഷമായി കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിലാണ് താന്‍.
അന്യായ തടങ്കലിലാക്കി ഉപേക്ഷിച്ച് കുഞ്ഞിന്റെ മൗലികാവകാശങ്ങള്‍ നിഷേധിച്ചു. ശിശുക്ഷേമ സമിതിക്കും പൊലിസിനും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
അതേസമയം, തന്നില്‍ നിന്ന് കുഞ്ഞിനെ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റിയെന്ന് ആരോപിച്ച് അനുപമ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി സംബന്ധിച്ച അഞ്ചുപേരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളിൽ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് ഹര്‍ജി നൽകിയത്. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം.
Also Read: ജോജു ക്രിമിനല്‍, ഗുണ്ടയെ പോലെ പെരുമാറിയെന്ന് സുധാകരന്‍; വഴി തടയല്‍ സമരത്തിനോട് വിയോജിച്ച് സതീശന്‍
കുഞ്ഞിനെ ദത്ത് നൽകിയ നടപടികള്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബക്കോടതി ഒക്ടോബർ 25നു താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസിലെ തുടര്‍ നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടും അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കാൻ പൊലീസിനോടും കോടതി നിർദേശിച്ചിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കു ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ദത്തു നല്‍കിയത്. കേസില്‍ ശിശുക്ഷേമസമിതി ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്നു തെളിവെടുപ്പ് അവസാനിപ്പിച്ച് കേസിൽ വിധി പറയാനിരിക്കെയാണ് കുഞ്ഞിനുവേണ്ടി അനുപമ പരസ്യമായി രംഗത്തുവന്നതും സർക്കാരിനു ഇടപെടേണ്ടി വന്നതും.
കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്ത് നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നു സര്‍ക്കാരിനുവേണ്ടി ഗവ.പ്ലീഡര്‍ കുടുംബക്കോടതിയെ അറിയിക്കുകയായിരുന്നു.