തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഗുരുതര ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആരോപണവുമായി അനുപമ എസ് ചന്ദ്രന്. ലൈസന്‍സില്ലാതെ എങ്ങനെ കുഞ്ഞിനെ ദത്ത് നല്‍കാനാകുമെന്ന് അനുപമ ചോദിച്ചു. സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ ക്രിമിനല്‍ കേസ് റജിസറ്റര്‍ ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്നും അനുപമ പറഞ്ഞു.
അതേസമയം കേസില്‍ അനുപമയുടേതെന്ന് സംശയിക്കപ്പെടുന്ന കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രന്, അജിത് കുമാര്‍ എന്നിവരുടെ സാമ്പിളുകളും ശേഖരിക്കും.
രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്താനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ്. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് സൂചന. ഫലം അനുസരിച്ചായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് കേരളത്തില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫിസില്‍ വച്ചായിരുന്നു കുഞ്ഞിനെ കൈമാറിയത്. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി ദമ്പതികള്‍ കൂടിക്കാഴ്ച നടത്തി.
കേരളത്തിലെത്തിച്ചശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, കേസിൽ ശിശുക്ഷേമത സമിതിയെ കുടുംബ കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ സമിതി നല്‍കിയിട്ടില്ല. ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ ലൈസന്‍സ് നീട്ടാനുള്ള അപേക്ഷ നല്കിയിട്ടുള്ളതായി സമിതി കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും പൂര്‍ത്തിയാക്കാന്‍ 30-ാം തീയതി വരെ സമയം അനുവദിക്കണമെന്നും സമിതി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.