തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് മന്ത്രി വീണാ ജോർജിന് കൈമാറി.
അനുപമ പരാതിയുമായി എത്തിയിട്ടും നടപടി സ്വീകരിക്കാതെ കുട്ടിയുടെ ദത്തു നടപടികളുമായി മുന്നോട്ട് പോയി. ദത്തു തടയാൻ സിഡബ്ല്യുസി തയ്യാറായില്ല. പൊലീസിൽ അറിയിച്ചില്ല. ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും പല തവണ നേരിൽ കണ്ടിരുന്നെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിയിലും ശിശുക്ഷേമ സമിതിയിലും ഉള്ളവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. എല്ലാ കാര്യങ്ങളും പാർട്ടി മാത്രം അന്വേഷിച്ചാൽ പോര. ഈ സാഹചര്യം എന്തുകൊണ്ട് ഉണ്ടായെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ഇതേ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.
Also Read: ദത്തുവിവാദം: അനുപമ കുഞ്ഞിനെ കണ്ടു, ഡിഎൻഎ പോസിറ്റീവ് ഫലം ലഭിച്ചതിന് പിറകെ