തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വടകയ്ക്കെടുത്ത ഹെലികോപ്ടർ ഉപയോഗിച്ചുള്ള രണ്ടാമത്തെ അവയവദാന ദൗത്യത്തെക്കുറിച്ച് നാം അറിഞ്ഞിട്ടുണ്ടാവും. മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയവും വഹിച്ചുക്കൊണ്ടാണ് ഹെലികോപ്ടർ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയത്. ഹൃദയം മാത്രമല്ല അനുജിത്തിന്റെ മറ്റ് അവയവങ്ങളിലൂടെ എട്ട് പേരാണ് ജീവിതത്തിലേക്ക് മടങ്ങി വരുന്നത്. ഇന്ന് എട്ട് പേരുടെ ജീവൻ രക്ഷിച്ച അനുജിത്ത് പത്ത് വർഷം മുമ്പ് നൂറുകണക്കിന് ആളുകളെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
റെയിൽവെ പാളത്തിലെ വിള്ളൽ കണ്ട് വിദ്യാർഥികൾ ചുവന്ന സഞ്ചി വീശി അപകടം ഒഴിവാക്കിയെന്ന വാർത്ത നമ്മളിൽ പലരുടെയും ഓർമ്മകളിൽ മങ്ങിയാണെങ്കിലുമുണ്ടാകും. 2010 ഓക്ടോബർ 31നാണ് സംഭവം. പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നൽകിയത്.
Also Read: അവയവദാന ദൗത്യത്തിന് വീണ്ടും ഹെലികോപ്ടർ; തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിച്ചു
അനുജിത്തിന്റെ ഇടപെടൽ കൃത്യസമയത്ത് ആ ട്രെയിൻ നിർത്താനും വലിയൊരു അപകടം ഒഴിവാക്കാനും സഹായിച്ചു. അതേ അനുജിത്താണ് ഇന്ന് അനക്കമറ്റ ശരീരമായി കിടക്കുമ്പോഴും ജീവന്റെ തുടിപ്പുകൾ ബാക്കിയാക്കുന്നത്. പക്ഷേ, മരണശേഷവും അനുജിത്ത് ഓർക്കപ്പെടും, എട്ട് പേരിലൂടെ.
വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനുജിത്ത്. അതിനിടെയാണ് മസ്‌തിഷ്‌കമരണം സംഭവിക്കുന്നത്. മരണത്തിനു കീഴടങ്ങിയെങ്കിലും അനുജിത്ത് ജീവിക്കും, എട്ട് പേരിലൂടെ. അനുജിത്തിന്റെ ഹൃദയം, വൃക്കകൾ, രണ്ട് കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവ ദാനം ചെയ്‌തു.
Also Read: അഭിമുഖത്തിനിടെ അതിഥികൾ തമ്മിൽ അസഭ്യ വർഷം; അവതാരകന്റെ പണിപാളി
ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.