/indian-express-malayalam/media/media_files/2024/10/25/4ZwzQLt33TFnDhD5vNPm.png)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ, എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി ഉത്തരവ്. നിയമസഭ സെ​ക്ര​ട്ട​റി​യേ​റ്റ് ഇതുമായി ബന്ധപ്പെട്ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
തൊണ്ടിമുതൽ മാറ്റിയ കേസിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചത്. വ്യാജ രേഖ ചമയ്ക്കലിന് രണ്ട് വർഷം തടവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവും ഗൂഢാലോചന കേസിൽ ആറ് മാസവും തടവാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാൽ മതി.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമായിരുന്നു വിധി. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതി കെ.എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസിന് ആസ്പദമായ സംഭവം.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു.
Also Read:ആൻറണി രാജുവിന് കുരുക്കായത് വിദേശിയായ പ്രതിയുടെ ജയിലിനുള്ളിലെ വെളിപ്പെടുത്തൽ
പ്രതി ജയിലിലായി നാല് മാസം പിന്നിട്ടപ്പോൾ പോൾ എന്ന പേരിൽ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റിയ ശേഷം തിരികെ വയ്ക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.
കുറ്റവിമുക്തനായ സർവലി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നൽകി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് താൻ രക്ഷപ്പെട്ടതെന്ന് ഇയാൾ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇന്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
Also Read:തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ
2005ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടി.പി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നൽകി. കുറ്റപത്രം നൽകിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ നീണ്ടുപോയി.
പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ൽ വാർത്തകൾ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
Also Read: മന്നം സമാധിയിൽ പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന് ഗവർണർ ആനന്ദബോസ്; ആരോപണം തള്ളി സുകുമാരൻ നായർ
തൊണ്ടി രജിസ്റ്ററിൽ ആന്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ നിർണായക തെളിവായി മാറിയത്. ഫോറൻസിക് പരിശോധനയിൽ ഈ ഒപ്പ് ആന്റണി രാജുവിന്റേതാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നൂലുകളുടെ നിറവ്യത്യാസവും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. സാക്ഷിപട്ടികയിലുണ്ടായിരുന്ന എട്ടുപേരെ മരണവും രോഗവും മൂലവും രണ്ട് പേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
അതേസമയം, 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്‌ടമാകുന്നത്. ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷത്തേക്ക് ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ ശിക്ഷിച്ച ദിവസം മുതല്‍ ശിക്ഷിക്കപ്പെട്ട വ്യക്തി അയോഗ്യനാകും. അത്തരം വ്യക്തികള്‍ക്ക് അന്ന് മുതല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്.
Read More: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us