കൊച്ചി: ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്​ പ്രസിഡന്റായി ആൻറണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. നേര​ത്തെ ദിലീപായിരുന്നു സംഘടനയുടെ പ്രസിഡന്റ്. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതോടെ സംഘടനയിൽ നിന്ന്​ ദിലീപിനെ പുറത്താക്കുകയായിരുന്നു. ഇതുവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തായിരുന്നു ആന്റണി പെരുന്പാവൂർ.

ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുക മാത്രമാണ് ചെയ്തതെന്നും ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചാലക്കുടിയിലെ ഡി സിനിമാസ് എന്ന തിയേറ്ററിന്റെ ഉടമ എന്ന നിലയിലാണ് ദിലീപ് സംഘടനയിൽ അംഗമായത്.

ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്നും ആന്റണി പറഞ്ഞു. എന്നാല്‍, ചിത്രം റിലീസ് ചെയ്യാന്‍ വേണ്ടി നിര്‍മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ല. അങ്ങിനെ സമീപിച്ചാല്‍ അതിന്‌വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

നേ​രത്തെ ലിബർട്ടി ബഷീറി​​ന്റെ നേതൃത്വത്തിലുള്ള സംഘടന പിളർത്തിയാണ്​ ദിലീപ്​ ഫിയോക്കിന്​ രൂപം നൽകിയത്​. സിനിമ സമരത്തി​ന്റെ പശ്​ചാത്തലത്തിലായിരുന്നു ദിലീപി​​ന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്​റ്റിലായതോടെ മറ്റ്​ സംഘടനകളിൽ നിന്ന്​ പുറത്ത്​ പോയതുപോലെ ദിലീപിനെ​ ഫിയോക്കിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.​

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ