കോഴിക്കോട് : ജനുവരി ഒന്ന് മുതൽ എല്ലാ ഹർത്താലുകൾക്കും കടകൾ തുറക്കാനും ബസുകൾ ഓടിക്കാനും വ്യാപാരികളുടെയും വ്യവസായികളുടെയും യോഗത്തിൽ ധാരണ. ഇതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും അവർ തീരുമാനിച്ചു.

അതേസമയം ജനുവരി 8,9 തീയ്യതികളിൽ ദേശീയ തലത്തിൽ നടക്കുന്ന പണിമുടക്കിൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ അഞ്ചാം തീയ്യതിക്കുളളിൽ തീരുമാനിക്കും. ഇതിനായി സംഘടന തൃശ്ശൂരിൽ യോഗം ചേരും. ഹർത്താലിനെതിരെ വേണ്ടിവന്നാൽ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

അതേസമയം ഹർത്താലിൽ നിന്ന് ടൂറിസം രംഗത്തെ ഒഴിവാക്കണമെന്ന ആവശ്യം കേരള ട്രാവൽ മാർട്ട് സൊസൈറ്റി മുന്നോട്ട് വച്ചു. ഇനിയുളള ഹർത്താലുമായി സഹകരിക്കില്ലെന്നും വ്യാപാരികളുടെ തീരുമാനം തന്നെയാണ് തങ്ങളുടേതെന്നും അവർ വ്യക്തമാക്കി. ഹർത്താൽ നടത്തുന്നതിനെതിരെ സർക്കാരിനെ കാണാനും, ഹർത്താൽ ദിവസങ്ങളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനും ഇവർ തീരുമാനിച്ചു.

ഹർത്താൽ ദിനത്തിൽ ടൂറിസം മേഖലയിൽ അക്രമം ഉണ്ടായാൽ ഓരോ സംഭവത്തിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.  അക്രമം നടത്തിയവർക്കെതിരെയല്ല, മറിച്ച് ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കാനും തീരുമാനിച്ചു.

ഹർത്താലിനെതിരായ സുപ്രീംകോടതി, കേരള ഹൈക്കോടതി വിധികൾ ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യ‌ും. 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കുമായി സഹകരിക്കില്ല. കൊച്ചിയിൽ ചേർന്ന യോഗത്തിൽ 28 സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.