കോഴിക്കോട്: മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേ സമരം നടത്തുന്നവരും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാവിലെ പ്രദേശത്തുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് അൽപ സമയം മുൻപ് അരങ്ങേറിയത്. സമരക്കാർ മുക്കം-അരീക്കോട് റോഡ് ഉപരോധിച്ചു. ഇതിനിടെയാണ് വീണ്ടും സംഘർഷം അരങ്ങേറിയത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

ഒരു മാസത്തോളമായി നിർത്തിവച്ച പൈപ്പ് ലൈൻ ജോലികൾ പുനരാരംഭിക്കുന്നതിനായി ഇന്ന് രാവിലെ വൻ പൊലീസ് സാന്നിധ്യത്തിൽ ഗെയിൽ അധികൃതർ എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തത്. ഗെയിലിന്‍റെ വാഹനത്തിന് നേരെ സമരക്കാർക്കിടയിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് പൊലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മാറാക്കര മരവട്ടത്തും പൊലീസ് ലാത്തിച്ചാർജ് നടന്നു. സമര നേതാക്കളടക്കം പത്തോളം പേർക്ക് പരുക്കേറ്റു. യൂത്ത് ലീഗ് സമര യാത്രക്കിടെ പ്രവര്‍ത്തകര്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ചിതറിയോടിയ പ്രവര്‍ത്തകരും മറ്റ് സമരക്കാരും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇവര്‍ക്കുനേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.മധുസൂദനനടക്കം പത്തോളം പേർക്ക് പരുക്കേറ്റു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.