കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ചാണ് കാന്തപുരം രംഗത്തെത്തിയത്. സ്ത്രീകള്‍ പുരുഷന്മാരെ പോലെ പ്രതിഷേധിക്കേണ്ട ആവശ്യമില്ലെന്ന് കാന്തപുരം പറഞ്ഞു.
സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവിലിറങ്ങി പ്രതിഷേധിക്കരുത്. സ്ത്രീകള്‍ മുഷ്ടി ചുരുട്ടുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യരുതെന്നും എപി അബൂബക്കര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സമസ്തയുടെ ഇരു വിഭാഗങ്ങളും ഒന്നിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. സിറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണങ്ങളെയും കാന്തപുരം തള്ളിക്കളഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി യോജിച്ചുള്ള പ്രതിഷേധം വേണം. അതുകൊണ്ടാണ് പിണറായി വിജയനൊപ്പവും പ്രതിഷേധിക്കുന്നത്. ചിലർ അതിനു തുരങ്കം വയ്ക്കാൻ നോക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.
Read Also: ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളെ ബലാത്സംഗം ചെയ്യും; ബിജെപി എംപിയുടെ വിവാദ പ്രസ്താവന
രാജ്യത്ത് മിക്കയിടങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് സ്ത്രീകളാണ്. അതിനിടയിലാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം. ഡൽഹിയിൽ കെെക്കുഞ്ഞങ്ങളുമായി എത്തിയാണ് നൂറുകണക്കിനു സ്ത്രീകൾ പ്രതിഷേധിച്ചിരുന്നത്.