ദലിത് വിരുദ്ധ പരാമർശത്തിൽ അറസ്റ്റിലായ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

ഏച്ചിക്കാനം സ്വദേശിയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തത്

കാഞ്ഞങ്ങാട്: അഭിമുഖത്തിനിടെ ദലിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് കോടതി ജാമ്യം അനുവദിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സന്തോഷ് ഏച്ചിക്കാനം ഹൊസ്ദുർഗ് പൊലീസിൽ കീഴടങ്ങിയത്. കേരള  ഹൈക്കോടതിയിൽ സന്തോഷ് ഏച്ചിക്കാനം മുൻകൂർ ജാമ്യം സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കോടതി തളളുകയും, സന്തോഷിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

എസ്സി എസ്ടി അട്രോസിറ്റീസ് പ്രിവൻഷൻ ആക്‌ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.  അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇദ്ദേഹത്തെ ഉടനെ തന്നെ കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിച്ച കോടതി എഴുത്തുകാരനെ ജാമ്യത്തിൽ വിടുകയായിരുന്നു.

ഹൊസ്ദുർഗ് പൊലീസിലാണ് പരാതിക്കാരൻ കേസ് കൊടുത്തത്. ജാതി, നിറം, മാതാപിതാക്കൾ തുടങ്ങിയവ പരാമർശിച്ച് ആക്ഷേപകരമായ രീതിയിൽ സംസാരിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. സന്തോഷിന്റെ നാട്ടുകാരനായ  ഏച്ചിക്കാനം ചാപ്പയിൽ സ്വദേശി ബാലകൃഷ്ണനാണ് ഹൊസ്‌ദുർഗ് പൊലീസിലെ സ്പെഷൽ മൊബൈൽ സ്ക്വാഡിന്  പരാതി നൽകിയത്.

സ്വകാര്യ പ്രസാധക സ്ഥാപനം കോഴിക്കോട് സംഘടിപ്പിച്ച സാഹിത്യോത്സവത്തിനിടെയാണ് സംഭവം. സാഹിത്യകാരന്മാരായ  സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും പങ്കെടുത്ത സംഭാഷണത്തിനിടെ  ഉണ്ടായ  പരാമർശമാണ് പരാതിക്ക്  ആധാരം. വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമായ പരാതിയാണ് തനിക്കെതിരെ നൽകിയതെന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ‘പന്തിഭോജനം’ എന്ന കഥയുടെ കഥാസന്ദർഭമാണ് അവിടെ വിശദീകരിച്ചത്. സന്തോഷിന്റെ ഏറെ ശ്രദ്ധേയമായ കഥകളിലൊന്നാണ് പന്തിഭോജനം. ഇതിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമയും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anti dalit statement writer santhosh eachikkanam arrested

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express