തിരുവനന്തപുരം: ശിശുലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജല്‍ജിത് എന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് കേരളത്തോട് വിളിച്ചു പറഞ്ഞത്. ജല്‍ജിത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ ടെലഗ്രാമിലെപൂമ്പാറ്റ’ എന്ന ഗ്രൂപ്പിന് മേൽ പൊലീസ് നടപടി ആരംഭിച്ചത്. എന്നാലിപ്പോള്‍ സംഭവത്തില്‍ തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് കേരളാ പോലീസിന്റെ ഭാഗത്തു നിന്നും നടക്കുന്നതെന്ന് ജല്‍ജിത് ആരോപിക്കുന്നു.

“എന്നെ സംബന്ധിച്ച് ശിശുലൈംഗിക പീഡനം എന്ന വിഷയം വളരെ ഗൗരവമേറിയതാണ്. എന്റെ പല സുഹൃത്തുക്കളും വളരെ വേണ്ടപ്പെട്ട നിരവധി പേരും ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്കിത് വിട്ടുകളയാവുന്ന ഒരു വിഷയമല്ല. ആദ്യമായല്ല ഞാൻ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത്. മുമ്പും ഇന്റര്‍നെറ്റില്‍ ശിശുലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾക്കെതിരെ . പ്രവർത്തിച്ചിട്ടുണ്ട്, അതിൽ നടപടിയും ഉണ്ടായിട്ടുണ്ട്.  പക്ഷെ ഇത്രയ്ക്കും വൈകൃതമായി ചിന്തിക്കുന്നവരെ ഇവിടെയാണ് കണ്ടത്. ‘പൂമ്പാറ്റ,’ ‘നാടന്‍ തുണ്ട്,’ ‘വൈഫ് സ്വാപ്പിങ്,’ ‘ഗേ’ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പൂമ്പാറ്റ എന്ന ഗ്രൂപ്പിലായിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്. ആദ്യ ദിവസം തന്നെ ഞങ്ങള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതു വരെ അവിടെ തന്നെ തുടരാന്‍ സൈബർ സെൽ ആവശ്യപ്പെട്ടു. അങ്ങനെ ആറു ദിവസത്തെ ഓപ്പറേഷനായിരുന്നു ഇത്. സ്വന്തം കുഞ്ഞുങ്ങളെ ഒരു വയസുമുതല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ വരെ ആ ഗ്രൂപ്പിലുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കേരളാ പോലീസ് പുറത്തിറക്കിയ പ്രസ്സ് റിലീസില്‍ എന്നെക്കൂടി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” ജല്‍ജിത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

സൈബർ ഡോം പുറത്തിറക്കിയ പ്രസ്സ് റിലീസിന്റെ അവസാന ഭാഗത്ത് പറയുന്നത് ഇങ്ങനെയാണ്:

“എല്ലാ സോഷ്യല്‍ മീഡിയകളിലുമുള്ള ഇത്തരം ഗ്രൂപ്പുകളും ചാനലുകളും സൈബര്‍ഡോം നിരീക്ഷിച്ചു വരുന്നുണ്ട്. അഡ്മിന്‍ പിടിയിലാകുകയും ഈ ഗ്രൂപ്പില്‍ കുട്ടികളുടെ ലൈംഗിക വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കിയ ഇതേ ചാനലിലെ അംഗങ്ങള്‍ തങ്ങള്‍ നിരീക്ഷണത്തിനായാണ് ഗ്രൂപ്പില്‍ അംഗമായതെന്ന് പറഞ്ഞ് നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.”

ഇതേസമയം പൊലീസ് ഈ ഗ്രൂപ്പിനെതിരെ നടപടിയെടുത്തത് ഈ മാസം അവസാനമാണ്. എന്നാൽ നവംബർ  മാസം 22 ന് തന്നെ താൻ ക്രൈംബ്രാഞ്ച് ഐജിക്ക് ഈ വിഷയത്തിൽ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് രേഖകൾ കാണിച്ച് ജൽജിത് പറയുന്നു.

എഫ്ഐആറിന്റെ പകർപ്പ്

ശിശുലൈംഗിക പീഡനത്തിനെതിരായി ജല്‍ജിത് നിയമത്തെ സമീപിക്കുന്നത് ആദ്യമായല്ല. 2015ല്‍ ജല്‍ജിത്തിന്റെ ഇടപെടലോടെയാണ് ഫെയ്‌സ്ബുക്കിലെ ‘കൊച്ചു സുന്ദരികള്‍’ എന്ന ചൈല്‍ഡ് പോണോഗ്രഫി പേജും പൂട്ടിച്ചത്. അന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം സ്വദേശിയായ ഉമ്മര്‍ എന്നയാളെയും മറ്റ് എട്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ കേരളാ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് തീര്‍ത്തും നിരാശാജനകമായ നടപടിയാണെന്നാണ് ജല്‍ജിത് പറയുന്നത്.

“ഭാവിയില്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ എന്നെയോ മറ്റുള്ളവരെയോ രണ്ടാമതൊന്നു ചിന്തിപ്പിക്കുന്ന തരത്തിലായിപ്പോയി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ഈ വിഷയം ചൂണ്ടിക്കാണിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്, ” ജൽജിത് പറഞ്ഞു.

നവംബറിൽ ഈ വിഷയത്തിൽ പരാതി നൽകുന്ന സമയത്ത് സൈബർ പൊലീസ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബിജു ഉൾപ്പെടെയുള്ളവരെ കണ്ടിരുന്നെന്നാണ് ജൽജിത് പറയുന്നത്. എന്നാൽ ജൽജിതിന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും അതേക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പുറത്തു പറയാൻ കഴിയില്ലെന്നുമാണ് സിഐ ബിജു പറയുന്നത്. ജൽജിതിനോട് ഗ്രൂപ്പിൽ തുടരാൻ സൈബർ പൊലീസ് സ്റ്റേഷനിൽ നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും സൈബർ സെല്ലിൽ നിന്നു പറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.