കൊച്ചി: ആന്തൂരിലെ സാജന്റെ ആത്മഹത്യയില്‍ നഗരസഭയെ പിന്തുണച്ച് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. കണ്വെന്ഷന് സെന്ററിന് അനുമതി നല്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നിര്‍മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തദ്ദേശ ഭരണവകുപ്പ് മറുപടി സത്യവാങ്മൂലം നൽകിയത്.
മരിച്ച സാജന്റെ ഭാര്യായുടെ പിതാവ് പാലോളി പുരുഷോത്തമനാണ് കെട്ടിടത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. എന്നാൽ, അപേക്ഷകന്റെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളും വീഴ്ചകളും ഉണ്ടായിട്ടുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. സ്ഥലപരിശോധനയിലും പ്ലാൻ തയ്യാറാക്കുന്നതിലും പിഴവ് പറ്റി. പ്ലാൻ തന്നെ പലതവണ മാറ്റി നൽകി. അംഗീകരിച്ച പ്ലാനിൽ കൃത്യമായ അനുമതി വാങ്ങാതെ മാറ്റം വരുത്തി. തൂണും സ്ലാബും കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമിക്കാൻ അനുമതി നൽകിയത്. എന്നാൽ ഉരുക്കുതൂണുകളും മേൽക്കൂരയ്ക്ക് ഷീറ്റും ഉപയോഗിച്ചു. കെട്ടിടത്തിന്റെ ഘടനമാറ്റിയത് നഗരസഭയെ അറിയിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Read Also: ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനം
അതേസമയം, നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ തള്ളി സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നായിരുന്നു സിപിഎം നേതാക്കൾ നേരത്തെ പറഞ്ഞത്. പി.ജയരാജൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, ഹെെക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ചച സംഭവിച്ചിട്ടില്ലെന്നാണ് പറയുന്നത്.
സാജന്റെ പാര്‍ഥ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനമുണ്ടെന്ന് കാണിച്ച് ചീഫ് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കൈമാറിയിരുന്നു. പാര്‍ഥ ഓഡിറ്റോറിയത്തിലേക്കുള്ള റാമ്പിന്റെ ചരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ കൂടുതലാണ്. ആവശ്യത്തിന് ശുചിമുറികളില്ല എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന ന്യൂനതകള്‍. ഇത് പരിഹരിച്ചാല്‍ അനുമതി നല്‍കാമെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. അനുമതി നല്‍കാതെ നീട്ടികൊണ്ടുപോകാന്‍ മാത്രം ഗുരുതരമായ ചട്ടലംഘനങ്ങളല്ല ഇവ.