തൊടുപുഴ: ഒരാഴ്ചയ്ക്കിടെ വീണ്ടുമൊരു കുട്ടികാട്ടാന മൂന്നാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഒരാഴ്ചയക്കിടെ രണ്ടാമത്തെ കുട്ടിയാനയാണ് ഇവിടെ മരണമടയുന്നത്. നാല് മാസത്തിനുളളിൽ ഇത് എട്ടാമത്തെ കാട്ടാനയാണ് ഇവിടെ കൊല്ലപ്പെടുന്നത്.

കാട്ടാനകളുടെ ശ്മശാന ഭൂമികയായി മാറുകയാണ് മൂന്നാർ എന്ന വിമർശനം ഉയരുന്നതിനിടെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടിയാനകളാണ് മൂന്നാറിനടത്തുള്ള കുണ്ടള സാന്‍ഡോസ് മേഖലയില്‍ മാത്രം ചരിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് കുണ്ടള സാന്‍ഡോസിലെ പട്ടിക ജാതി കോളനിക്കു സമീപമുള്ള ഗ്രാന്റീസ് തോട്ടത്തില്‍ രണ്ടുവയസോളം പ്രായമുള്ള കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ വനപാലകര്‍ ശരീരഭാഗങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 നും കുണ്ടള സാന്‍ഡോസ് മേഖലയില്‍ രണ്ടുവയസ് പ്രായമുള്ള കുട്ടിയാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ നാലുമാസത്തിനിടെ എട്ടു കാട്ടാനകളാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി ചരിഞ്ഞത്. ഇതില്‍ മൂന്നെണ്ണം കൊലപാതകങ്ങളായിരുന്നു. രണ്ടു കാട്ടാനകളെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നപ്പോള്‍ ഒരു കാട്ടാന ചരിഞ്ഞത് മണ്ണു മാന്തി യന്ത്രം കൊണ്ടുള്ള അടിയേറ്റായിരുന്നു. മേഖലയില്‍ കാട്ടാനകള്‍ ചരിയുന്നതു തുടര്‍ക്കഥയാകുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.

അതേസമയം മൂന്നാര്‍ മേഖലയില്‍ കാട്ടാന ആക്രമണം വര്‍ധിച്ചുവരികയാണ്. വെള്ളിയാഴ്ച കാട്ടാന ആക്രമണത്തില്‍ സൂര്യനെല്ലി വിലക്കില്‍ ഹോട്ടല്‍ തൊഴിലാളിയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മൂന്ന് പേരാണ് കഴിഞ്ഞ എട്ട് മാസത്തിനിടിയിൽ ഇവിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനത്താരകള്‍ നഷ്ടപ്പെടുന്നതും വനനശീകരണവുമാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങാന്‍ കാരണമെന്നു വനപാലകര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ