തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ 22ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇതിന്റെ ഭാഗമായി കേരളത്തിൽ കനത്ത മഴക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കൻ ബംഗാൾ ഉൽക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ 2021 മെയ് 22 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.
എങ്കിലും സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഏറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ കാറ്റും ഇടിമിന്നലോട് കൂടിയുള്ള മഴയും ലഭിക്കും.
Read Also: കോവിഡ് പ്രതിരോധത്തിലെ മുൻനിരക്കാർക്ക് മാത്രമേ വാക്സിന് മുൻഗണന നൽകാനാവൂ: സർക്കാർ
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ഒമാൻ നൽകിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക. നിലവിലെ അന്തരീക്ഷ സാഹചര്യം ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ അനുകൂലമാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കേരളത്തിന്റെ തെക്കൻ മേഖലയിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി 25 മുതൽ വ്യാപക മഴ ലഭിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ ഇത് മധ്യകേരളത്തിലേക്കും വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. കർണാടക, ഗോവ സംസ്ഥാനങ്ങളുടെ തീരമേഖലകളിലും മഴ ലഭിക്കും.