തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎല്‍എയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
പീഡന പരാതി നല്‍കിയതിന് പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ഇതിനായി എംഎല്‍എ ഒരുലക്ഷം രൂപ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പേട്ട പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ എംഎല്‍എയ്ക്കെതിരായ നടപടി അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമേ ഉണ്ടാകൂവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന എല്‍ദോസിന്റെ ആരോപണം പരിശോധിക്കും. എംഎല്‍എയ്ക്ക് ജാമ്യം കിട്ടിയ സാഹചര്യം അടക്കം പരിശോധിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സംഭവത്തില്‍ നേരത്തെ വിശദീകരണം നല്‍കാന്‍ കഴിയാത്തതില്‍ എല്‍ദോസ് ഖേദം അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. ആദ്യ കേസില്‍ എംഎല്‍എ ഈ മാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.