കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന കേസിൽ റിമാന്റിലുള്ള ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ പൊലീസിന് മൊഴി നൽകി. ദിലീപ് നായകനായ മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് അനൂപിനെ ഭീഷണിപ്പെടുത്തിയെന്നും സിനിമ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നുമാണ് മൊഴി.

എറണാകുളം റൂറൽ എസ്‌പി ഫോണിൽ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മിമിക്രിയെ കുറിച്ച് ഒരു ടെലിവിഷൻ പരിപാടിയിൽ നടത്തിയ പരാമർശത്തെ തുടർന്ന് ദിലീപ് ഫോണിൽ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്നാണ് അനൂപ് ചന്ദ്രൻ മൊഴി നൽകിയിരിക്കുന്നത്.

ഇതിന് പിന്നാലെ മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് തന്നെ സിനിമയിൽ നിന്ന് തന്നെ പുറത്താക്കുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സിനിമ അവസരങ്ങൾ പലതും നഷ്ടമായെന്നും അനൂപ് ചന്ദ്രൻ നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം ഇതേ കേസിൽ തെളിവുകൾ നശിപ്പിക്കാൻ നടൻ നാദിർഷാ കൂട്ടുനിന്നെന്ന സംശയമാണ് ഇപ്പോൾ പൊലീസിനുള്ളത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന നാദിർഷയെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹം എങ്ങോട്ടാണ് പോയിരിക്കുന്നതെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ