തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. കത്തിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.
വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുടെ സ്വാധീനം ഗൗരവമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. തിങ്കളാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ്കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്.
മധ്യപ്രദേശില്‍നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30 ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ചൊവ്വാഴ്ച 10.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 11 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.