കൊച്ചി: തൃശൂർ പൂര പഞ്ചവാദ്യ പ്രമാണിയും പ്രശസ്ത തിമല വിദ്വാനുമായ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശപത്രിൽവച്ചാണ് അന്ത്യം.
പഞ്ചവാദ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അന്നമനട പരമേശ്വര മാരാർ മഠത്തിൽ വരവിൽ മേളപ്രമാണിയായിരുന്നു. 2003 മുതൽ തുടർച്ചയായ 11 വർഷം മഠത്തിൽ വരവിന്റെ പ്രമാണിയായിരുന്നു അദ്ദേഹം. പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരുടെ വേർപാടിനെത്തുടർന്നാണ് അന്നമനട മേളപ്രമാണിയായി എത്തുന്നത്.
കലാമണ്ഡലത്തിലെ അധ്യാപകനായിരിക്കെ അദ്ദേഹം നടത്തിയ വാദ്യപരിഷ്‌കാരങ്ങൾ വാദ്യപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിമില പഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്‌കരിച്ചതും അദ്ദേഹമായിരുന്നു. നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തിൽ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തിൽ വരവിന്റെ പ്രമാണിയാവുകയും ചെയ്തു അന്നമനട പരമേശ്വരമാരാർ.