തിരുവനന്തപുരം: കാസര്‍ഗോഡ് തലക്ലായില്‍ കോളേജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനമെന്ന് മാതൃഭൂമി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
എന്നാല്‍ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലൊണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനമെന്നാണ് റിപോര്‍ട്ട്. മരണത്തിലേക്ക് നയിച്ചത് ആന്തരിക അവയങ്ങളിലെ അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനമാണ് എന്നാണ് നിഗമനം. ആന്തരിക അവയങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്, വിശദമായ പരിശോധനാ ഫലം വന്നതിന് ശേഷമെ ഇതില്‍ സ്ഥിരീകരണമാകുകയുള്ളു. എന്തുകാരണത്താലാണ് അണുബാധയുണ്ടാവുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തത് എന്ന് വ്യക്തമാകണമെങ്കില്‍ കെമിക്കല്‍ എക്സാമിനേഷന് ഉള്‍പ്പെടെയുള്ളവ നടത്തിയ ശേഷം വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
കുഴിമന്തി വാങ്ങിക്കഴിച്ച് നാലോ അഞ്ചോ ദിവസങ്ങള്‍ക്കു ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അതിനാല്‍ത്തന്നെ ആ ദിവസമുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാമ്പിള്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.