/indian-express-malayalam/media/media_files/uploads/2020/06/anju.jpg)
കോട്ടയം: പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിനെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ മരിച്ച അഞ്ജു ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നതായി ആരോപിച്ച് വാര്‍ത്താ സമ്മേളനം നടത്തുകയും ഹാള്‍ടിക്കറ്റ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആ ഹാള്‍ടിക്കറ്റിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്ന് അഞ്ജുവിന്റെ പിതാവ് ഷാജി പറഞ്ഞു. കോളേജ് അധികൃതര്‍ എഴുതിയതാണ് അതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, അഞ്ജുവിന്റെ മൃതദേഹവുമായി നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും പ്രതിഷേധം നടത്തി.
മകള്‍ കോപ്പിയടിക്കില്ലെന്നും പ്രിന്‍സിപ്പല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നും ഷാജി ആരോപിച്ചു. "മാനസിക പീഡനം സഹിക്കാതെയാണ് മരണം. എന്റെ കുട്ടിക്ക് നീതി കിട്ടണം. എന്റെ കുട്ടി ഒരിക്കലും കോപ്പി അടിക്കില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണം," അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ജു ഇതുവരെയുള്ള പരീക്ഷകളില്‍ നല്ല മാര്‍ക്ക് നേടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പലിനെയും അധ്യാപകരേയും അറസ്റ്റ് ചെയ്യണമെന്ന് ഷാജി ആവശ്യപ്പെട്ടു.
Read Also: ആതിര പ്രസവിച്ചു; അച്ഛനെ കാണാനാകാതെ നിതിന്റെ പൊന്നുമോൾ
ശനിയാഴ്ചയാണ് സംഭവം. കാഞ്ഞിരിപ്പള്ളിയിലെ ഒരു സ്വകാര്യ കോളേജില്‍ പഠിച്ചിരുന്ന അഞ്ജു ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിലാണ് പരീക്ഷ എഴുതിയത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകന്‍ പിടികൂടിയെന്നും പിന്നാലെ പ്രിന്‍സിപ്പല്‍ എത്തിയപ്പോള്‍ അദ്ദേഹവും കുട്ടിയെ ശകാരിച്ചുവെന്നും പരീക്ഷ മുറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ലാസ് മുറിയിലെ പരീക്ഷയുടെ വീഡിയോ ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ പുറത്ത് വിട്ടിരുന്നു.
പരീക്ഷ കഴിഞ്ഞ് അഞ്ജു വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വന്നത്. പിന്നീട് അഞ്ജുവിനെ തിങ്കളാഴ്ച മീനച്ചലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.