പാല: കോപ്പിയടി ആരോപണത്തെ തുടർന്ന് കോട്ടയത്ത് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബിവിഎം കോളേജിന് വീഴ്ച പറ്റിയെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കൈകാര്യം ചെയ്യുന്നതിലും കോളേജ് വീഴ്ച വരുത്തി.

പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വയ്ക്കേണ്ടതാണ്. സര്‍വകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോപ്പിയടിച്ചെന്ന ആരോപണത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബിവിഎം കോളേജിന് ഗുരുതര വീഴ്ച പറ്റിയതായി നേരത്തെ എംജി സർവകലാശാല അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നു. പരീക്ഷാ ഹാളിൽ അഞ്ജു പി.ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നതായാണ് അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ.

ഹാൾ ടിക്കറ്റിനു പിന്നിൽ ഉത്തരം എഴുതിവച്ചെന്നു കണ്ടെത്തിയ ശേഷവും ഒരു മണിക്കൂറോളം അഞ്ജുവിനെ ക്ലാസിലിരുത്തി. ഇത് വിദ്യാർഥിനിയിൽ മാനസിക സംഘർഷം ഉണ്ടാക്കിയിരിക്കാം. ഒരു മണിക്കൂർ അഞ്ജുവിനെ ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണ്. പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാ‍‍ർഥിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സർവകലാശാല നിയമമെന്ന് അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു.

ഡോ. എം.എസ്.മുരളി, ഡോ. അജി സി.പണിക്കർ, പ്രൊഫസർ വി.എസ്.പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങൾ. ബുധനാഴ്ച ചേർപ്പുങ്കൽ ബിവിഎം കോളേജിലെത്തി അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രിന്‍സിപ്പല്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയവരില്‍ നിന്ന് സമിതി മൊഴിയെടുത്തു. അഞ്ജുവിന്റെ സമീപത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

Read Also: ‘വന്ദേ ഭാരത്’ ദൗത്യം മൂന്നാം ഘട്ടത്തിനു ഇന്നു തുടക്കം; കേരളത്തിലേക്കു കൂടുതൽ പ്രവാസികൾ മടങ്ങിയെത്തും

അതിനിടെ, ഹാൾടിക്കറ്റിലേത് അഞ്ജുവിന്റെ കൈയ്യക്ഷരമാണോയെന്ന് കണ്ടെത്തുന്നതിനുളള നടപടികൾ പൊലീസ് തുടങ്ങി. അഞ്ജുവിന്റെ നോട്ട്ബുക്കും ഹാൾ ടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയച്ചു. രണ്ടു ദിവസത്തിനുളളിൽ ഫലം ലഭിക്കും. ഇതോടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വ്യക്തത വരും.

കാഞ്ഞിരിപ്പള്ളിയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിനിയായ അഞ്ജു ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിലാണ് പരീക്ഷ എഴുതിയത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകന്‍ അഞ്ജുവിനെ പിടികൂടുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് അഞ്ജു വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വന്നത്. പിന്നീട് അഞ്ജുവിനെ മീനച്ചലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.