തൃശൂര്‍: തൃശൂര്‍ ജില്ലയ്ക്ക് പുതിയ ഡിസിസി അധ്യക്ഷനെ വേണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി എംഎല്‍എയുമായ അനില്‍ അക്കര. ‘തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്’ എന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത് വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് കെപിസിസി നേതൃത്വത്തിനെതിരെ ഇത്തരമൊരു പോസ്റ്റ് പരസ്യമായി ഇടാന്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന ടി.എന്‍.പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ കോണ്‍ഗ്രസിന് അധ്യക്ഷന്‍ ഇല്ലാതായത്. ഇത് പരസ്യമായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. ഡിസിസിക്ക് ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ എന്നും, ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും അനില്‍ അക്കര ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രണ്ട് അഭിപ്രായമായി രംഗത്തെത്തിയിട്ടുണ്ട്. അനില്‍ അക്കര പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍, ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് വാഹനം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഈ വിവാദത്തില്‍ രമ്യ ഹരിദാസിന് വാഹനം സമ്മാനിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരനായിരുന്നു അനില്‍ അക്കര എംഎല്‍എ. പക്ഷേ, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാഹനം സമ്മാനിക്കുന്നതിനെതിരെ രംഗത്തുവന്നു. അതോടെ, രമ്യ ഹരിദാസ് വാഹനം സ്വീകരിക്കില്ല എന്ന നിലപാടിലെത്തുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കമന്റ് ചെയ്യുന്നുണ്ട്. മുല്ലപ്പള്ളിക്കെതിരെയും നിരവധി കമന്റുകളുണ്ട്. വാഹനം സമ്മാനിക്കുന്നത് ഉചിതമായ നടപടിയല്ല എന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പോലും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ട്രോളുകളായി നിരവധി കമന്റുകളും ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. എഐസിസിക്ക് അധ്യക്ഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആണോ ഡിസിസി അധ്യക്ഷന്‍ എന്ന് നിരവധി പേര്‍ ചോദിക്കുന്നു. ഇന്ന് രാവിലെയാണ് അനില്‍ അക്കര ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.