തൃശൂര്‍: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് അനില്‍ അക്കര എംഎല്‍എ. മുല്ലപ്പള്ളിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരണം ചോദിച്ചപ്പോഴാണ് അനില്‍ അക്കര വിമര്‍ശനമുന്നയിച്ചത്. ഫെയ്സ്ബുക്കിലൂടെ മുല്ലപ്പള്ളിക്ക് വിമര്‍ശിക്കാനും അഭിപ്രായം പറയാനും സാധിക്കുമെങ്കില്‍ തനിക്കും അത് ആകാമെന്ന് അനില്‍ അക്കര പറഞ്ഞു. കെപിസിസി പ്രസിഡന്റ് അല്ലന്നേയുളളൂവെന്നും താനും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്നും അനില്‍ അക്കര പറഞ്ഞു.

Read Also: ‘പുതിയ ഡിസിസി അധ്യക്ഷനെ വേണം’; ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ

രമ്യ ഹരിദാസ് എംപിക്ക് വാഹനം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ച വിഷയത്തെ തുടര്‍ന്നുള്ള വിവാദമാണ് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. എംഎല്‍എമാരെ കെപിസിസി യോഗത്തിന് ക്ഷണിക്കുന്നില്ല, കെപിസിസി ജനറല്‍ ബോഡിയില്‍ മാത്രമാണ് എംഎല്‍എമാര്‍ക്ക് ക്ഷണം. തൃശൂര്‍ ജില്ലയില്‍ ഡിസിസിക്ക് അധ്യക്ഷനില്ലാതെ ആയിട്ട് രണ്ട് മാസമായി. അത് പാർട്ടിയെ തളർത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് താനും ഇരിക്കുന്നത്. സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിക്കാനുള്ള രീതിയിലായി മുല്ലപ്പള്ളിയുടെ പ്രതികരണങ്ങളെന്നും അനില്‍ അക്കര എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

‘തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്’ എന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് കെപിസിസി നേതൃത്വത്തിനെതിരെ ഇത്തരമൊരു പോസ്റ്റ് പരസ്യമായി ഇടാന്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന ടി.എന്‍.പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ കോണ്‍ഗ്രസിന് അധ്യക്ഷന്‍ ഇല്ലാതായത്. ഇത് പരസ്യമായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. ഡിസിസിക്ക് ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ എന്നും, ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും അനില്‍ അക്കര ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read Also: വിശ്വാസ വോട്ടെടുപ്പ് ഇന്ന് ആറിന്; കുമാരസ്വാമി രാജിവയ്ക്കാന്‍ സാധ്യത

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രണ്ട് അഭിപ്രായമായി രംഗത്തെത്തിയിട്ടുണ്ട്. അനില്‍ അക്കര പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍, ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് വാഹനം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഈ വിവാദത്തില്‍ രമ്യ ഹരിദാസിന് വാഹനം സമ്മാനിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരനായിരുന്നു അനില്‍ അക്കര എംഎല്‍എ. പക്ഷേ, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാഹനം സമ്മാനിക്കുന്നതിനെതിരെ രംഗത്തുവന്നു. അതോടെ, രമ്യ ഹരിദാസ് വാഹനം സ്വീകരിക്കില്ല എന്ന നിലപാടിലെത്തുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കമന്റ് ചെയ്യുന്നുണ്ട്. മുല്ലപ്പള്ളിക്കെതിരെയും നിരവധി കമന്റുകളുണ്ട്. വാഹനം സമ്മാനിക്കുന്നത് ഉചിതമായ നടപടിയല്ല എന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പോലും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.