തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി കോൺഗ്രസ് നേതാവും വടക്കാഞ്ചേരി എംഎൽഎയുമായ അനിൽ അക്കരയുടെ ആരോപണം. നിയമസഭയിലാണ് അനിൽ അക്കര ആരോപണം ഉന്നയിച്ചത്. സിപിഎം നേതാക്കൾപോലും ഫോൺ ചോർത്തലിൽനിന്നും രക്ഷപ്പെടുന്നില്ല. ഭരണ-പ്രതിപക്ഷത്തുളള 27 നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് അനിൽ അക്കര ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നേതാക്കളുടെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫോൺ ചോർത്തലിനു പിന്നിൽ ബിഎസ്എൻഎൽ ആണോ, പൊലീസോ, കേന്ദ്ര ഏജൻസികൾ ആരെങ്കിലുമാണോ എന്ന കാര്യത്തിൽ ഒരു സൂചനയുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ