തൃശൂര്‍: ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ വൈറലാല കത്തിന് ഉടമയായ നീതുവെന്ന പെണ്‍കുട്ടിയെ കാത്ത് റോഡില്‍ കുത്തിയിരുന്ന് അനില്‍ അക്കര എംഎല്‍എ. വീടില്ലാത്ത പ്ലസ്ടു വിദ്യാർഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാൻ ഇന്നു രാവിലെ 9 മുതൽ അനിൽ അക്കര എംഎൽഎ എങ്കക്കാട് മങ്കര റോഡിൽ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവും അനിൽ അക്കരെയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷന് പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എംഎല്‍എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്സണ്, മങ്കര എന്ന പേരിലായിരുന്നു കത്ത്.
കുട്ടി വടക്കാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാൽ ആ പേരിലൊരു കുട്ടി ഈ സ്കൂളിൽ പഠിക്കുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോൺസന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയിൽ 2 മണിക്കൂർ റോഡരികിൽ കാത്തിരിക്കുമെന്നു അനിൽ അക്കര പ്രഖ്യാപിച്ചത്.
നീതു എവിടെ ഉണ്ടെങ്കിലും എത്തണമെന്നും സഹായം നല്‍കാമെന്നുമാണ് എം.എല്‍.എ പറയുന്നത്.
‘നീതു വരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നീതു ഇന്ന് വന്നില്ലെങ്കിലും അവര്‍ക്കായുള്ള അന്വേഷണം തുടരും. നീതുവിന് വേണ്ടി വടക്കാഞ്ചേരി പൊലീസില്‍ പരാതി കൊടുക്കും. പൊലീസിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. രാഷ്ട്രീയ വിഷയമായ സാഹചര്യത്തില്‍, ഒരുപക്ഷേ ആ കുട്ടി വരാഞ്ഞിട്ടായിരിക്കാം. അല്ലെങ്കില്‍ ഐഡന്റിന്റി വെളിപ്പെടുത്താന്‍ മടിയുണ്ടായിരിക്കാം. മങ്കര എന്ന് എഴുതിയതും നീതു എന്ന് പേരിട്ടതും ഒരുപക്ഷേ മനപൂര്‍വമായിരിക്കാം. അങ്ങനെയാരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.
നീതുവിനായി തന്റെ രണ്ട് മാസത്തെ ശമ്പളം നീക്കിവെക്കാന്‍ തയ്യാറാണെന്നും വീടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വിഷമം മനസിലാക്കാന്‍ പറ്റുന്ന ആളാണ് താനെന്നുമായിരുന്നു രമ്യാ ഹരിദാസ് എം.പി പ്രതികരിച്ചത്.