കൊച്ചി: എം.ജി.യൂണിവേഴ്സിറ്റി കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജ് പതിവുപോലെ ചുവപ്പണിഞ്ഞിരിക്കുകയാണ്. മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐക്കാണ് വിജയം. എസ്എഫ്ഐയുടെ വി.ജി.ദിവ്യയാണ് ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യൂണിയനിലെ വനിതാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസാണ്.
മഹാരാജാസ് കോളേജില്‍ നിന്ന് യൂണിയന് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏയ്ഞ്ചലിന് പറയാനുള്ളത് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അത്രമേല്‍ സുപരിചിതനായ വ്യക്തിയെ കുറിച്ചാണ്. കേരള രാഷ്ട്രീയം ഇന്നും ചര്‍ച്ച ചെയ്യുന്ന സഖാവ് സൈമണ്‍ ബ്രിട്ടോ എന്ന പോരാളിയെ കുറിച്ചാണ്. താന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച് നടക്കുന്നതിന് കാരണക്കാരായവരില്‍ ഒരാള്‍ ബ്രിട്ടോ അങ്കിളാണെന്ന് ഏയ്ഞ്ചല്‍ മരിയ ഓര്‍ക്കുന്നു.
സൈമണ്‍ ബ്രിട്ടോ റോഡ്രിഗസില്‍ നിന്ന് ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസിലേക്ക് വര്‍ഷങ്ങളുടെ അകലമുണ്ട്. സൈമണ്‍ ബ്രിട്ടോയുടെ സഹോദരന്റെ മകളാണ് ഇപ്പോള്‍ മഹാരാജാസ് കോളേജില്‍ വനിതാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഏയ്ഞ്ചല്‍ മരിയ. മഹാരാജാസിലെ ബിഎ ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി. എസ്എഫ്ഐ പാനലില്‍ നിന്ന് വിജയിച്ച് യൂണിയനില്‍ അംഗമാകുമ്പോള്‍ പിതാവിന്റെ സഹോദരന് സൈമണ്‍ ബ്രിട്ടോ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് ഏയ്ഞ്ചല്‍.
Read Also: എംജി യൂണിവേഴ്സിറ്റി ചുവപ്പണിഞ്ഞു; കോട്ടയത്ത് എസ്എഫ്ഐയുടെ സമ്പൂർണ ആധിപത്യം
ശരീരം തളര്‍ന്നുപോയപ്പോഴും, ജീവിതം ചക്രക്കസേരയില്‍ ഒതുങ്ങിയപ്പോഴും മരണത്തിന് തൊട്ടുമുന്‍പുള്ള സമയം വരെ കൂടുതല്‍ ഉച്ചത്തില്‍ രാഷ്ട്രീയം സംസാരിച്ച ബ്രിട്ടോ അങ്കിളാണ് തനിക്ക് മാതൃകയെന്ന് ഏയ്ഞ്ചല്‍ പറയുന്നു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയാണ് വേണ്ടതെന്ന് ബ്രിട്ടോ അങ്കിള്‍ എപ്പോഴും പറയാറുണ്ടെന്നും അത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കരുത്തേകിയെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.

“സൈമണ്‍ ബ്രിട്ടോയുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിച്ച മഹാരാജാസില്‍ യൂണിയന് പ്രതിനിധിയാകാന്‍ അവസരം ലഭിച്ചത് വലിയ കാര്യമാണ്. അത് എസ്എഫ്ഐയിലൂടെയാണ് എന്നത് മഹാഭാഗ്യമായാണ് കാണുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് ബ്രിട്ടോ അങ്കിളിന്റെ ജീവിതത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയത്. അച്ഛനും അമ്മയും പാര്‍ട്ടി പ്രവര്‍ത്തകരാണ്. അതിനൊപ്പം ബ്രിട്ടോ അങ്കിളിന്റെ കരുത്തുറ്റ ജീവിതവും വാക്കുകളും രാഷ്ട്രീയത്തില്‍ സജീവമായി നിലനില്ക്കാന് കരുത്ത് പകരുന്നുണ്ട്” ഏയ്ഞ്ചല്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
മഹാരാജാസില്‍ പഠിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. കോളേജില്‍ ചേരുന്നതിന് തൊട്ടുമുൻപാണ് അഭിമന്യുവിനെ ക്യാംപസിനകത്ത് വച്ച് കൊലപ്പെടുത്തുന്നത്. എനിക്ക് ഒരുപാട് സങ്കടം തോന്നി. അഭിമന്യുവിനെ അത്ര അടുത്തറിയില്ലെങ്കിലും ഒന്നുരണ്ട് തവണ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ബ്രിട്ടോ അങ്കിളിനും അഭിമന്യുവിന്റെ മരണത്തിൽ വലിയ വിഷമമായി. പക്ഷേ, ഒരിക്കല്‍ പോലും വിദ്യാര്‍ഥി രാഷ്ട്രീയത്തെ നിരുത്സാഹപ്പെടുത്തിയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യണമെന്നാണ് അപ്പോഴും ബ്രിട്ടോ അങ്കിള്‍ പറഞ്ഞത്. ബ്രിട്ടോ അങ്കിള്‍ ഉണ്ടായിരുന്നപ്പോള്‍ പലപ്പോഴും മഹാരാജാസിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.

വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് സംഭവിക്കുന്ന തെറ്റുകളെ ഒരിക്കലും ന്യായീകരിക്കില്ല. യൂണിവേഴ്സിറ്റി കോളേജിലടക്കം ഉണ്ടായ വിഷയങ്ങള്‍ ന്യായീകരിക്കാവുന്നതല്ല. എന്നാല്‍, സംഘടന അതെല്ലാം തിരുത്തുന്നുണ്ട്. അതുകൊണ്ടാണ് മഹാരാജാസിലെ വിദ്യാര്‍ഥികള്‍ എസ്എഫ്ഐയെ വിശ്വസിച്ചത്. അവരാണ് ഞങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. സംഘടനക്കെതിരെ നടക്കുന്ന മറ്റ് പ്രചരണങ്ങളെല്ലാം കുപ്രചരണങ്ങളാണ്. മാധ്യമങ്ങള്‍ എസ്എഫ്ഐയെ മനപ്പൂര്‍വ്വം വേട്ടയാടുന്നുണ്ട്. എന്നാല്‍, സംഘടനയെ വിശ്വസിക്കുന്ന വിദ്യാര്‍ഥികളാണ് ക്യാംപസുകളില്‍ ഉള്ളത്. മാധ്യമങ്ങളുടെ കുപ്രചരണങ്ങളെ അവര്‍ തോല്‍പ്പിക്കുമെന്നും ഏയ്ഞ്ചല്‍ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും സംഘടനാ പ്രവർത്തനം നടത്താൽ തെല്ലും ഭയമില്ലെന്നും ഏ്ഞ്ചൽ കൂട്ടിച്ചേർത്തു.
Read Also: അഭിമന്യു കുറിച്ച വരികളാണ് എസ്എഫ്ഐയുടെ ആയുധം, കത്തിയും കഠാരയുമല്ല: വി.പി.സാനു
1983 ഒക്ടോബര്‍ 13ന് എറണാകുളം മഹാരാജാസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ജനറല്‍ ആശുപത്രി പരിസരത്തു വച്ച് അന്നത്തെ എസ്എഫ്ഐ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന സൈമണ്‍ ബ്രിട്ടോ റോഡ്രിഗസിന് കുത്തേറ്റത്. ജീവൻ തിരിച്ചു കിട്ടിയെങ്കിലും സെെമൺ ബ്രിട്ടോ പിന്നീട് ചക്രക്കസേരയിൽ ശിഷ്ടകാലം ചെലവഴിക്കേണ്ടി വന്നു. അപ്പോഴും രാഷ്ട്രീയ പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയിരുന്നു. മഹാരാജാസ് കോളേജിൽ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവുമായി സെെമൺ ബ്രിട്ടോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. തളർന്ന ശരീരവുമായി 35 വർഷത്തിലേറെയാണ് സെെമൺ ബ്രിട്ടോ ജീവിച്ചത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ആന്റണി ക്രിസ്റ്റി റോഡ്രിഗസിന്റെയും സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഡാലിയ റോഡ്രിഗസിന്റെയും മകളാണ് ഏയ്ഞ്ചൽ മരിയ. എറണാകുളം വടുതല സ്വദേശിയാണ്.