കൊച്ചി: ദിലീപിനെതിരെയുളള കുറ്റകൃത്യങ്ങൾ കടുത്തതാണെന്നും അതിനെ ലഘൂകരിച്ച് കാണാനാവില്ലെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുളളതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ടുളള കോടതിയുടെ ഉത്തരവിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്കർക്കുളള സന്ദേശമാണ്. സമാന കുറ്റകൃത്യം ചെയ്യുന്നവർക്കുളള താക്കീതാണ് ഉത്തരവ്. കേസിന്റെ അന്വേഷണത്തിന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതാണ് നല്ലത്. പൊലീസിന്റെ കേസ് ഡയറി കൂടി വായിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് ജാമ്യാപേക്ഷ നിഷേധിച്ചതെന്നും ഉത്തരവിലുണ്ട്.

യുവനടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകൾ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലിൽ ഈ മാസം 25 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു.

കേസിന്റെ ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ പങ്കാളിയായ സഹായിയും ഡ്രൈവറുമായ സുനിൽരാജ്(അപ്പുണ്ണി) ദിലീപ് അറസ്റ്റിലായ ശേഷം ഒളിവിൽ പോയി. മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ദിലീപിനെ ഏൽപിക്കാൻ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഇപ്പോൾ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതിക്കു ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കുമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇരയായ നടിയുടെ സുരക്ഷാ പ്രശ്നവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ