കൊച്ചി: ഭൂമി വിവാദത്തിന്റെ പേരില്‍ തമ്മിലടി മുറുകുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശം. സന്ദേശം നിഷേധിച്ചു രാത്രി വൈകി പ്രസ്താവനയിറക്കുകയും സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ടു പോലീസില്‍ പരാതി നൽകുമെന്നും സഭാ കേന്ദ്രങ്ങൾ പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായ എന്റെ പേരില്‍ ഇന്നു വൈകിട്ടു മുതല്‍ സോഷ്യല്‍ മീഡീയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കത്ത് തികച്ചും വ്യാജവും വാസ്തവവിരുദ്ധവുമാണെന്ന് ബിഷപ്പിന്റെ നിഷേധക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഭൂമി വില്‍പ്പന വിവാദത്തിന്റെ പേരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ വിവാദം. . എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ് പ്രശ്‌നക്കാരെന്നും ആരാധനാ ക്രമത്തിന്റെ പേരില്‍ വൈദികര്‍ കലഹമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പറയുന്ന കത്ത മാർ ജോസ് പുത്തൻ വീട്ടിലിന്റെ പേരിൽ​ വ്യാജസന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതാണ് പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ പൂര്‍ണമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള സന്ദേശം പ്രചരിച്ചതോടെയാണ് വൈദികസമിതിയും സഹായമെത്രാനനും നിയമനടപടിക്കൊരുങ്ങുന്നത്.

മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റേതായി പ്രചരിച്ച വ്യാജ ഇടയലേഖനം

‘എറണാകുളം അതിരൂപതയിലെ എന്റെ സഹപ്രവര്‍ത്തകരായ പ്രിയ വൈദികര്‍ക്കും വിശ്വാസി സമൂഹത്തിനുമായി നിങ്ങളുടെ പ്രിയ ജോസ് പിതാവ് എഴുതുന്നത്,” എന്നാണ് സോഷ്യൽ മീഡിയയിൽ​പ്രചരിച്ച വ്യാജ സന്ദേശം തുടങ്ങുന്നത്

“പ്രാദേശിക വാദത്തിന്റെയും ആരാധനാ ക്രമതര്‍ക്കങ്ങളുടെയും വിദ്വേഷസര്‍പ്പം വൈദികരെ തെരുവിലിറക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചപ്പോള്‍ തോറ്റത് കാല്‍വരിയില്‍ ചൊരിഞ്ഞ കര്‍ത്താവിന്റെ ദിവ്യനിണമാണ്. നിങ്ങളുടെ വിശ്വാസത്തെ മുറുകി പിടിച്ച് നിങ്ങളെല്ലാവരും കരുതിയിരിക്കുവാന്‍ ദൈവവചനം നമ്മോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു”. വ്യാജ സന്ദേശം ഇങ്ങനെ തുടരുകയാണ്.
ഏറെ ദീർഘമായ വ്യാജ സന്ദേശം അവസാനിക്കുന്നത് “ചതിയുടെയും വഞ്ചനയുടെയും ദുരത്മാക്കളെ കര്‍ത്താവ് പ്രഹരിക്കുന്ന സമയം ആഗതമായിരിക്കുന്നു. ഇപ്പോഴുള്ള പ്രതിസന്ധികള്‍ അതുവഴി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് നമ്മളെ ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ഈ നാളുകളില്‍ ഏതാനും ചില വൈദികരുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്കുണ്ടായിട്ടുള്ള എല്ലാ ദുര്‍മാതൃകകള്‍ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹാരൂപിയും പരിശുദ്ധാത്മാവിന്റെ സഹവാസവും ആശംസിച്ചുകൊണ്ടും
എല്ലാവരുടെയും പ്രാത്ഥനാ സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ടും,”
നിങളുടെ വത്സല പിതാവ്,

ജോസ് പുത്തന്‍വീട്ടില്‍
എറണാകുളം-അങ്കമാലി അതിരൂപത
സഹായമെത്രാന്‍.

 

bishop letter to fake letter

വ്യാജ കത്തിന് ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിന്റെ മറുപടി കത്ത്

ഇതേ  തുടർന്ന്. സന്ദേശം സാമൂഹിക മാധ്യങ്ങളില്‍ സന്ദേശം വ്യാപകമായതോടെ രാത്രി എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ ജോസ് പുത്തന്‍വീട്ടില്‍ പത്രക്കുറിപ്പ് പുറത്തിറക്കി. തന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ സന്ദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

വ്യാജ കത്തിന് സഹായ മെത്രാൻ ജോസ് പുത്തന്‍വീട്ടിലിന്റെ മറുപടി:
പ്രിയമുള്ളവരേ,

ദൈവത്തിനു സ്തുതി!

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായ എന്റെ പേരില്‍ ഇന്നു വൈകിട്ടു മുതല്‍ സോഷ്യല്‍ മീഡീയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കത്ത് തികച്ചും വ്യാജവും വാസ്തവവിരുദ്ധവുമാണ്. ജനങ്ങളെയും വൈദികരെയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. അസത്യപ്രചരണം ദൈവത്തിനും വിശ്വാസത്തിനും എതിരാണ്. ഇത്തരം തെറ്റായ വ്യാജപ്രചരണങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

യേശുവിന്റെ സ്‌നേഹത്തില്‍,

ബിഷപ് ജോസ് പുത്തന്‍വീട്ടില്‍

എറണാകുളം-അങ്കമാലി സഹായമെത്രാന്‍

അതേസമയം ഭൂമി വില്‍പ്പന വിഷയത്തില്‍ ഒരു ഇടവേളയ്ക്കു ശേഷം വൈദികര്‍ കര്‍ദിനാളിനെതിരേ രംഗത്തെത്തിയതോടെയാണ് സഹായമെത്രാന്റേ പേരില്‍ വ്യാജ സന്ദേശം പുറത്തിറക്കിയതെന്നു വൈദികര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന വൈദിക സമിതി യോഗം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിപാടികളില്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്നും വൈദികര്‍ പറഞ്ഞിരുന്നു. അതേസമയം ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടു ചോദ്യങ്ങളുയര്‍ത്തി രംഗത്തെത്തിയതോടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സഹായമെത്രാന്‍മാര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം തുടരുകയാണെന്നും ഇത് ഇനി അനുവദിക്കാനാവില്ലെന്നുമാണ് വൈദിക സമിതിയുടെ നിലപാട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ