കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തളളി. ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുളള കുറ്റങ്ങൾ നിലനിൽക്കും. 20 വർഷംവരെ ദിലീപിന് തടവ് ലഭിക്കാനുളള കുറ്റമാണ് ചെയ്തിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ 9 ദിവസം വരെ സമയമുണ്ട്. പൾസർ സുനി ചെയ്ത കുറ്റങ്ങൾക്കെല്ലാം ദിലീപും ഉത്തരവാദിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

Read More : ‘സിനിമയല്ല ജയിൽ’; നടി ആക്രമിക്കപ്പെട്ട കേസിലെ നാൾവഴി

നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷ നൽകുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളി. തുടർന്ന് രണ്ടു തവണ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഇതും തളളി. ഇതിനുപിന്നാലെയാണ് വീണ്ടും ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിച്ചത്.

ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ക്രിമിനൽ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാൽസംഗക്കുറ്റം ദിലീപിന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുളളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മുതിർന്ന അഭിഭാഷകൻ സി.രാമൻപിള്ള ദിലീപിന് വേണ്ടി ഹാജരായത്. ജാമ്യാപേക്ഷയിൽ വാദം ശനിയാഴ്ച പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook