തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച ആന്റേഴ്സണെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. ഇയാളെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

സെക്രട്ടേറിയേറ്റിന് മുന്നിൽ പൊലീസും മാധ്യമപ്രവർത്തകരും നോക്കിനിൽക്കേയാണ് ആന്റേഴ്സണെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് നേർക്കും രണ്ടു ദിവസം മുൻപ് ആക്രമണം ഉണ്ടായിരുന്നു.

അടിവയറ്റിലും നെഞ്ചിലും തലയ്ക്കും പരുക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആന്റേഴ്സണിന്റെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും തലയ്ക്ക് പിന്നിൽ ക്ഷതമേറ്റെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. ശ്രീജിത്തിന്റെ സമര പന്തലിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഉച്ചഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങിയ ആന്റേഴ്സണെ ഒരാൾ തന്റെ അടുക്കലേക്ക് വിളിക്കുകയായിരുന്നു.

എന്നാൽ പന്തികേട് തോന്നിയ ഇയാൾ വേഗം പൊലീസ് നിൽക്കുന്ന ഭാഗത്തേക്ക് നടന്നു. ഇവിടെ മറ്റൊരു പ്രതിഷധ പ്രകടനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ നോക്കിനിൽക്കെ പൊലീസിന് മുന്നിലിട്ട് ഒരാൾ ആന്റേഴ്സണിന്റെ തലക്ക് പുറകിൽ കല്ലുകൊണ്ടിടിച്ചു.

കഴിഞ്ഞ ദിവസം കൊല്ലത്തെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. ഫോണിലും വധഭീഷണിയുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാവേലിക്കരയിലെ ഒരു ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി വന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരെ സംസാരിച്ചതല്ലെന്നും വസ്തുതകൾ തുറന്നു പറയുക മാത്രമാണുണ്ടായതെന്നും ആൻഡേഴ്സൺ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.