കൊച്ചി: നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജിലെ മരം മുറിക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവുവരുത്തി ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ്. പട്ടയഭൂമികളിലെ മരങ്ങള്‍ മുറിക്കുന്നതിനു നിരോധന ഉത്തരവു ബാധകമല്ലെന്നും സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ക്കു മാത്രമാണ് നിരോധന ഉത്തരവു ബാധകമെന്ന അറിയിപ്പ് ഞായറാഴ്ച വൈകുന്നേരം വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ പതിച്ചു. മലയാളത്തിലും തമിഴിലും തയാറാക്കിയ അറിയിപ്പാണ് വിവിധ സ്ഥലങ്ങളില്‍ പതിച്ചിട്ടുള്ളത്. അഞ്ചുനാട് വില്ലേജിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട നിരോധന ഉത്തരവിന്റെ പേരില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സബ് കലക്ടര്‍ നിലപാടു വ്യക്തമാക്കിയത്.
അതേസമയം സബ് കലക്ടറുടെ പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്നും പട്ടയമില്ലാത്ത സ്ഥലങ്ങളിലെ മരങ്ങള്‍ കൂടി മുറിക്കാന്‍ അനുവാദം തേടി ഉടന്‍ തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് വ്യക്തമാക്കി. സബ് കളക്ടര്‍ സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സംശയമുണ്ടായിരുന്നുവെങ്കില്‍ റവന്യൂ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സംശയനിവൃത്തി വരുത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നുവെന്നും രാമരാജ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ കോലം കത്തിക്കല്‍ ഉള്‍പ്പടെയുള്ള സമര പരിപാടികളുമായി രംഗത്തിറങ്ങിയ ശേഷമാണ് മരം മുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇളവുവരുത്താന്‍ സബ് കലക്ടര്‍ തയാറായതെന്നും രാമരാജ് പറയുന്നു.
ശനിയാഴ്ച വൈകിട്ടാണ് നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജിലെ മരം മുറി തടയണമെന്നാവശ്യപ്പെട്ട മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും ദേവികുളം സബ് കലക്ടറുടെയും കോലം
സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റ നേതൃത്വത്തില്‍ കത്തിച്ചത്. വട്ടവട പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ പി രാമരാജിന്റെ നേതൃത്വത്തില്‍ കോവിലൂര്‍ ടൗണില്‍ വച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയുടെയും ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെയും കോലം കത്തിച്ചത്. അഞ്ചുനാട് വില്ലേജിലെ യൂക്കാലിപ്റ്റസ്, ഗ്രാന്‍ീസ് മരങ്ങള്‍ മുറിച്ചു നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വനംവകുപ്പും ദേവികുളം സബ് കളക്ടറും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് കോലം കത്തിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 11-നാണ് വിവാദ ഉത്തരവ് ആദ്യമായി പുറത്തുവന്നത്. നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയിലെ മരങ്ങള്‍ പിഴുതു മാറ്റുന്നതിനു പകരം മുറിച്ചുനീക്കുകയാണ് വേണ്ടതെന്നും മരം മുറി നിരോധനം പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു ഉത്തരവിറക്കിയത്. എന്നാല്‍ ഈ നീക്കത്തിനു തടയിട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി രംഗത്തെത്തി. ഫെബ്രുവരി 25-ന് മരം മുറി തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു വാര്‍ഡന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്കു കത്തു നല്‍കി.
അഞ്ചുനാട് വില്ലേജിലെ വിവിധ പ്രദേശങ്ങള്‍ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്നും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റില്‍മെന്റു നടപടികള്‍ക്കായി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് രേഖ പരിശോധന ഉള്‍പ്പടെ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍മെന്റു നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മരംമുറിക്കുന്നതു തടയണമെന്നുമായിരുന്നു വാര്‍ഡന്റെ കത്തിലെ ആവശ്യം. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കത്തു ലഭിച്ചതിനു പിറ്റേന്നു തന്നെ ദേവികുളം സബ് കലക്ടര്‍ രേണുരാജ് മരം മുറി തടയാന്‍ സാധ്യതയുണ്ടന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി മൂന്നാര്‍ ഡിവൈഎസ്പിക്കു കത്തുനല്‍കി.
മാര്‍ച്ച് നാലിന് വട്ടവടയ്ക്കു സമീപമുള്ള ചിലന്തിയാറില്‍ വന്‍തോതില്‍ മരംമുറിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും സബ് കക്ടറുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സബ് കലക്ടറുടെ കത്തു പ്രകാരം നടപടിയുമായി പോലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിഷേധം കനത്തത്. അതേസമയം അഞ്ചുനാട് വില്ലേജിലെ ഭൂമിയുടെ രേഖ പരിശോധ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് പട്ടയഭൂമികളിലെ മരം മുറിക്കുകയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.