കൊല്ലം: പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഉത്ര വധക്കേസ് ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ ഏട്. ഒരു ജീവിയെ കൊലപാതകത്തിന് ആയുധമായി ഉപയോഗിച്ചുവെന്ന കേസില്‍ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണു പൊലീസ് തെളിവുകള്‍ ശേഖരിച്ചത്.
ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചതാണെന്നു തെളിയിക്കാന്‍ പൊലീസ് ഡമ്മി പരീക്ഷണമടക്കം നടത്തിയിരുന്നു. ഉത്രയെ പാമ്പ് കടിച്ചതാണെന്നും താന്‍ നിരപരാധിയാണെന്നുമാണു സൂരജ് കോടതിക്കു മുന്നിലെന്നപോലെ പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഉത്രയെ സൂരജ് മുന്‍പും പാമ്പിനെക്കൊണ്ട് കടിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണു സൂരജ് കുറ്റസമ്മതം നടത്തിയത്. സ്വത്ത് തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപതാകമെന്നാണ് സൂരജ് മൊഴി നല്‍കിയത്.
സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപെടലുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2018 മാര്‍ച്ച് 25നായിരുന്നു സൂരജുമായുള്ള ഉത്രയുട വിവാഹം. 2020 മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്കു ആദ്യം പാമ്പുകടിയേറ്റത്. സൂരജിന്റെ വീട്ടിന്റെ മുകളിലെത്ത നിലയില്‍ വച്ചായിരുന്നു ഇത്. അണലിയുടെ കടിയാണേറ്റത്. വീടിനു മുകളിലേക്കു ചാഞ്ഞകിടക്കുന്ന മരത്തിലൂടെ ജനല്‍ വഴിയെത്തിയാണ് അണലി കടിച്ചതെന്നായിരുന്നു സൂരജിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാല്‍ അണലി മരത്തിനു മുകളില്‍ സഞ്ചരിക്കിലെന്നു വിദഗ്ധരുടെ സഹായത്തോടെ പൊലീസ് സ്ഥിരീകരിച്ചു.
മേയ് ആറിന് ഉത്രയുടെ വീട്ടില്‍വച്ചാണ് മൂര്‍ഖന്റെ കടിയേറ്റത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്രയുടേത് പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കൊലപാതമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും പരാതിയുമായി മേയ് 19നു കൊല്ലം റൂറല്‍ എസ്പിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്.
ഉത്രയുടെ ലോക്കറില്‍നിന്ന് സൂരജ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നു. ഇതോടൊപ്പം ഉത്രയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റവും സംശയത്തിനിടയാക്കി. ഉത്രയുടെ മരണദിവസം പൊട്ടിക്കരഞ്ഞ സൂരജ് പിറ്റേദിവസം മുതല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് നടന്നുവെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആരോപണം.
ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇതോടെയാണ് പാമ്പിനെ മുറിയില്‍ കൊണ്ടുവന്ന് മനപ്പൂര്‍വം കടിപ്പിച്ചതാണെന്നുമുള്ള സംശയം ബന്ധപ്പെട്ടത്. മൂര്‍ഖന്‍ കടിച്ച സമയവും മുറിവിന്റെ സാധാരണയില്‍ കവിഞ്ഞ വലുപ്പവും തെളിയിക്കുന്നത് കൊലപാതകമാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് തെളിയിച്ചു. പാമ്പിനെ തലയില്‍ പിടിച്ചു കടിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതകം തെളിയിക്കാനായി പൊലീസ് ഡമ്മി പരിശോധന നടത്തിയിരുന്നു.
Also Read: ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ, ശിക്ഷാവിധി 13ന്
ഉത്തര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാമ്പാട്ടിയായ സുഹൃത്തില്‍നിന്ന് സൂരേഷില്നിന്നു കരിമൂര്‍ഖനെ പണംകൊടുത്ത് വാങ്ങിയെന്നും ഈ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നു പൊലീസ് കണ്ടെത്തി. സുരേഷിനെ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു.സൂരജ് സ്വന്തം ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് അണലി, മൂര്‍ഖന്‍ പാമ്പുകളെക്കുറിച്ച് സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങള്‍ പൊലീസ് തെളിവായി കണ്ടെടുത്തിരുന്നു.
രണ്ടു തവണയും പാമ്പിനെക്കാണ്ട് കടിപ്പിക്കും മുന്‍പ് സൂരജ് ഉത്രയ്ക്ക് മയക്കുഗുളികള്‍ വിദഗ്ധമായി നല്‍കിയിരുന്നു. കൊലപാതക ദിവസം രാത്രി ഉറങ്ങുന്നതിന് ജ്യൂസില്‍ കലര്‍ത്തിയാണ് മയക്കുഗുളികള്‍ നല്‍കിയത്. അണലിയെക്കൊണ്ട് കടിപ്പിച്ച ദിവസം പായസത്തില്‍ ചേര്‍ത്തും. മൂര്‍ഖനെ ഭക്ഷണം നല്‍കാതെ ദിവങ്ങളോളം കുപ്പിയില്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് ഇതിന്റെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തതില്‍നിന്ന് കണ്ടെത്തിയിരുന്നു.
ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന െമാധ്യമങ്ങള്ക്കു മുന്നില്‍ സൂരജ് പറഞ്ഞിരുന്നു. ജൂലൈയില്‍ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി നിയമം എന്നിവ പ്രകാരമാണു കേസ്. ആയിരത്തിലധികം പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 87 സാക്ഷികളുടെ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം ഹാജരാക്കി. കോടതി വിധി പ്രസ്താവത്തിനു മുന്നോടിയായി 40 തൊണ്ടിമുതലുകളും അപഗ്രഥിച്ചു.
ഹീനമായ കുറ്റകൃത്യം നടത്തിയ സൂരജിനു പരമാവധി ശിക്ഷയെന്ന ആവശ്യം കോടതി അംഗീകരിക്കുമെന്നു പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമുള്ള വാദമാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ഉയര്‍ത്തിയത്. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിത്. പ്രതി ഒരു വിധത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ല. വിധി സമൂഹത്തിനു കൃത്യമായ സന്ദേശം നല്കുന്നതായിരിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണു കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ്് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ വിധി 13നു പുറപ്പെടുവിക്കും. വിധി പ്രസ്താവത്തിന്റെ ഭാഗമായി പ്രതി സൂരജിനെ പൊലീസ് കോടതിയില്‍ എത്തിച്ചിരുന്നു. വിധി പ്രസ്താവത്തിനു മുന്‍പ് കുറ്റങ്ങള്‍ പ്രതിയെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയെന്ന ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു നിര്‍വികാരനായി പ്രതിയുടെ മറുപടി.