തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാന്‍ ആവശ്യപ്പെടുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരിലുള്ള കത്ത് പുറത്ത്. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കാന്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം കത്ത് തന്റേത് തന്നെയാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കത്ത് നല്‍കിയത്. ആനാവൂര്‍ നാഗപ്പന്റെ പേരും ഒപ്പും കത്തില്‍ ഉണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ ആനാവൂരിന് നല്‍കിയതെന്നു ആരോപിക്കുന്ന കത്ത് പുറത്തു വന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം. എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായി ഡി.ആര്‍.അനില്‍ നല്‍കിയ കത്തും നേരത്തേ പുറത്തുവന്നിരുന്നു.