ചേർത്തല:​ വയലാറിൽ പ്ലസ് ടു വിദ്യാർത്ഥിയായ അനന്തു മരിച്ച സംഭവത്തിൽ സഹപാഠികളായ ആറ് വിദ്യാർത്ഥികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ് എന്നാണ് റിപ്പോർട്ട്.

സ്കൂളിൽ നിന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ചേർത്തല പൊലീസിൽ നിന്ന് വിവരം ലഭിച്ചത്. മുൻവൈര്യാഗമാണ്  സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

വയലാർ  കവലയ്ക്ക് സമീപം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടയിലാണ്  അക്രമം നടന്നത്. വയലാർ കവലയ്ക്ക് സമീപം താമസിക്കുന്ന ഒരു സംഘം കൗമാര പ്രായക്കാരാണ് അക്രമത്തിന് പിന്നിൽ ഇവർ അനന്തുവിനെ ഉത്സവത്തിനിടയിൽ നിന്ന് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചതായിരുന്നു.

“കൊല്ലാൻ വേണ്ടി മർദ്ദിച്ചതാണെന്ന് കരുതുന്നില്ല” ആലപ്പുഴ എസ് പി മുഹമ്മദ് റഫീഖ് ഐഇ മലയാളത്തോട് പറഞ്ഞു. “മൃതദേഹത്തിൽ മുറിവുകളില്ല. മർമ്മത്തിലെവിടെയെങ്കിലും അടിയേറ്റതാകണം മരണ കാരണം. സംഭവത്തിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന് കരുതുന്നില്ല” അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പത്ത് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. വയലാർ പട്ടണക്കാട് സ്വദേശിയായ അനന്തു മുഹമ്മ ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിക്കുന്നത്.

മുൻപ് ആർഎസ്എസ് ശാഖയിൽ പോകാറുള്ള അനന്തു പിന്നീട് ഇത് നിർത്തിയിരുന്നു. ഇതാണ് കൊലപ്പെടുത്താൻ കാരണമെന്ന് ആരോപിച്ച് സിപിഎമ്മും കോൺഗ്രസും അക്രമ രാഷ്ട്രീയത്തിന് എതിരെ ആലപ്പുഴയിൽ ഹർത്താൽ നടത്തുകയാണ്.

വയലാർ രാജരാജേശ്വരി ക്ഷേത്ര ഉത്സവത്തിനിടയിൽ സുഹൃത്തുക്കളുമായി ചായക്കടയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അക്രമം. സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും അനന്തു ഇവരുടെ പിടിയിലായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ