തിരുവനന്തപുരം: രാജ്യം വലിയ ആശങ്കയിൽ കഴിയുന്ന ഘട്ടത്തിൽ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം എഴുത്തുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയിൽ ജനിച്ചു വളർന്ന ചിലർക്ക് താൻ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചന സ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്‌കാരം.

Read Also: നമ്മള്‍ എത്രനാള്‍ മിണ്ടാതിരിക്കും?; പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിമ കല്ലിങ്കല്‍

യഥാർഥ ജീവിതത്തിൽ മനുഷ്യർക്കിടയിൽ അകലം വർധിക്കുന്നു. ജാതി മുതൽ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യർക്കിടയിൽ പാലം പണിഞ്ഞു കൊണ്ടിരിക്കുന്നു. ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിൽക്കണം. അത് ജനധിപത്യത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്. പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള എഴുത്തിലൂടെയാണ് ആനന്ദ് എക്കാലവും സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ രചനകൾ നിരന്തരം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളം പരമോന്നത പുരസ്‌കാരം നൽകി ആദരിക്കുന്നത്. ആരുടെ പേരിലുള്ള അവാർഡ് ആർക്ക് നൽകുന്നു എന്നതിലൂടെയാണ് ഒരു അവാർഡ് ശ്രദ്ധിക്കപ്പെടുന്നത്. എഴുത്തച്ഛൻ സൃഷ്ടിച്ച ഗരിമയുള്ള കാവ്യഭാഷ ഇന്നും മലയാള കവിതയ്ക്ക് മാർഗദർശം നൽകുന്നു. താഴെത്തട്ടിലുള്ളവർക്ക് തന്റെ കവിത പ്രാപ്യമാകണം എന്ന് എഴുത്തച്ഛൻ ആഗ്രഹിച്ചു. ചരിത്രവുമായി ചേർന്നുനിൽക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ശരിയാണ്, നിങ്ങളോട് ഞങ്ങള്‍ക്ക് വെറുപ്പാണ്; മോദിക്കെതിരെ കമല്‍

സംസ്‌കാരത്തിനൊപ്പം ഒരു പ്രതിസംസ്‌കാരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് സംസ്‌കാരത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുന്നതായും ആനന്ദ് പറഞ്ഞു. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്ത മൂല്യങ്ങൾ നശിപ്പിക്കപ്പെടുന്നു. കാലഹരണപ്പെട്ടവയെ വീണ്ടും ഉയർത്താൻ ശ്രമിക്കുന്നു. ലോകമെമ്പാടും ഇത് സംഭവിക്കുന്നു. ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുട്ടിനോട് പൊരുതുവാൻ വെളിച്ചത്തിനേ കഴിയൂ എന്ന് ഓർക്കണമെന്ന് ആനന്ദ് പറഞ്ഞു. നവോത്ഥാനം തുടർച്ചയായി സംഭവിക്കുന്നതാണ്. മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മൂല്യ സൃഷ്ടിയെ ജീവിപ്പിച്ചു നിർത്തേണ്ടതും നമ്മുടെ കർത്തവ്യമാണ്. മൂല്യങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തുകയാണ് സംസ്‌കാരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക  മന്ത്രി എ. കെ.ബാലൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ.കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.