തൃശൂർ: തൃശൂർ ജില്ലയിലെ ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതായി പരിസ്ഥിതി സംഘടനകൾ. പദ്ധതി നടപ്പാക്കിയാൽ പ്രദേശത്തെ ആവാസ വ്യവസ്ഥ നശിക്കാനും ആദിവാസി വനാവകാശങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ടെന്ന ആശങ്കകളുയരുന്നുണ്ട്.
പദ്ധതിക്കെതിരെ കെഎസ്‌ഇബി ഓഫീസിനും മറ്റ് സർക്കാർ ഓഫീസുകൾക്കും മുന്നിൽ ബുധനാഴ്ച പ്രതിഷേധം നടത്തുമെന്ന് ആനക്കയം പദ്ധതിക്കെതിരായ ജനകീയ സമര സമിതി അറിയിച്ചിട്ടുണ്ട്. ആനക്കയം കാടുകൾ നിലനിർത്തുന്നതിനും ആദിവാസികളുടെ വനാവകാശം സംരക്ഷിക്കുന്നതിനുമായി ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 200ലേറെ ഇടങ്ങളിൽ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിലും സർക്കാർ ഓഫീസുകൾക്ക് മുന്നിലും പാതയോരങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധ സമരങ്ങൾ നടക്കുകയെന്ന് സമിതി അറിയിച്ചു.
Read More: കെഎഎസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം; ഹെെക്കോടതിയിൽ ഹർജി
പദ്ധതി നിർമാണത്തിനായി വനമേഖലയിലെ മരവും റോസ് വുഡ് മരങ്ങളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി അടുത്തിടെ ഉത്തരവിട്ടിരുന്നു അണക്കെട്ട്. ഷോളയാർ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്ന ജലത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി.
പദ്ധതിയിൽ നിന്ന് വികസിപ്പിച്ചെടുത്ത ഈർജ്ജത്തിന് ഉയർന്ന മൂല്യമുണ്ടാകുമെന്ന് കെഎസ്‌ഇബി അഭിപ്രായപ്പെടുന്നു. വേനൽക്കാലത്താണ് പ്രധാനമായും ഉൽപാദനം നടക്കുകയെന്നും ഷോളയാർ റിസർവോയറിൽ 12.3 ടിഎംസി വെള്ളം പുറംതള്ളുമെന്നത് ഉറപ്പായതിനാലാണ് അതെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
90കളിൽ ആദ്യം പ്രഖ്യാപിച്ചതും ആരംഭിക്കാൻ ശ്രമിച്ചതുമാണ് ഈ പദ്ധതി. 7.5 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പദ്ധതിയാണിത്. 139.62 കോടി രൂപയുടെ ഭരണപരമായ അനുമതി അടുത്തിടെ ലഭിച്ച പദ്ധതി പറമ്പികുളം കടുവാ സങ്കേതത്തിന്റെ ബഫർ സോണിൽ സ്ഥിതിചെയ്യുന്ന എട്ട് ഹെക്ടർ വനഭൂമിയിലാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്.
Read More: സിഎജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം, വികസനത്തെ എങ്ങിനെ ബാധിക്കുമെന്നാണ്: ധനമന്ത്രി
പദ്ധതി നടപ്പിലാക്കിയാൽ 5.5 കിലോമീറ്റർ നീളവും 3.65 മീറ്റർ വീതിയുമുള്ള തുരങ്കം നിർമിക്കുന്നതും അതിനായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതും പരിസ്ഥിത ലോലമായ വനമേഖലയ്ക്ക് പരിഹരിക്കാനാകാത്ത നാശമുണ്ടാകാൻ കാരണമാവുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. സമീപത്തെ ആദിവാസികൾ താമസിക്കുന്ന മേഖലകളെയും പദ്ധതി ബാധിക്കുമെന്നും അവർ പറഞ്ഞു.
“20 ഹെക്ടറോളം വനഭൂമി വെട്ടിത്തെളിക്കേണ്ടി വരും, അതിൽ 15 ഏക്കർ പിടിആറിന്റെ ബഫർ സോണിലാണ്. 74 സെന്റിമീറ്റർ മുതൽ 740 സെന്റിമീറ്റർ വരെ ചുറ്റളവുള്ള 1900 ഓളം വലിയ മരങ്ങൾ വെട്ടിമാറ്റേണ്ടിവരും. ചുരുക്കത്തിൽ, അത് പരിഹരിക്കാനാവാത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” ചാലക്കുടി നദീ സംരക്ഷണ ഫോറം അംഗമായ എം മോഹൻദാസ് പറഞ്ഞു.
2006 ലെ വനാവകാശ നിയമപ്രകാരം വനാവകാശം വഹിക്കുന്ന പ്രാദേശിക ആദിവാസി സമുദായത്തിന്റെ സമ്മതമിവ്വാതെയാണ് ജലവൈദ്യുത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിൽ സിഎഫ്‌ആർ ഒരു ഗോത്രത്തിന് നൽകിയിട്ടുള്ള ആദ്യത്തെ സ്ഥലമാണിത്. ഒരു മരം മുറിക്കുന്നതിന് മാത്രമല്ല, നിങ്ങൾക്ക് ഒരു മരം നടേണ്ടിവന്നാലും ആദിവാസികളുടെ അനുമതി ആവശ്യമാണ്, ”അദ്ദേഹം പറഞ്ഞു.
ആനക്കയം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നതു വരെ സമരത്തിൽ തുടരാനാണ് തീരുമാനം എന്ന് ആനക്കയം പദ്ധതിക്കെതിരായ ജനകീയ സമര സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.100ലധികം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക മനുഷ്യാവകാശ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമര രംഗത്തെത്തിക്കഴിഞ്ഞുവെന്നും.