കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിശദപഠനം ചൊവ്വാഴ്ച ആരംഭിക്കും. കൊങ്കണ്‍ റെയില്‍വേ കോർപറേഷനാണ് തുരങ്കപാതയുടെ നിർമാണ നിർവഹണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് വിശദപഠനം നടത്തുക.
സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവ നടത്തി സംഘം വിശദമായ പദ്ധതിരേഖ തയ്യാറാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച പകല്‍ 12 മണിയോടെ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ നിന്ന് തിരിക്കുന്ന സംഘം ആനക്കാംപൊയില്‍, മറിപ്പുഴ, സ്വര്‍ഗംകുന്ന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനങ്ങളടക്കമുള്ള പഠനങ്ങള്‍ നടത്താനായി ക്യുമാക്‌സ് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് കെആര്‍സിഎല്‍ ചുമതലപ്പെടുത്തിയത്.
Read More: ഗതാഗതനിയമ ലംഘനം: പിഴ ഓണ്‍ലൈനായി ഈടാക്കും; പുതിയ സംവിധാനം നാളെ മുതല്‍
സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ നിർമാണ പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയത്. മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മ്മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.
നിലവിലെ വയനാട് ചുരത്തിന് ബദൽ പാതയാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത. കോഴിക്കോട് നിന്ന് വയനാട്ടിലേക്കും മൈസൂർ, ബെംഗലൂരു എന്നിവിടങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാവാൻ തുരങ്കപാത സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നു. ചുരത്തിലെ ഗതാഗതക്കുരുക്കിനും തുരങ്ക പാത വരുന്നതോടെ ശമനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.