തിരുവനന്തപുരം: വയനാട് ചുരം ഒഴിവാക്കി കോഴിക്കോട്-വയനാട് ജില്ലകളെ റോഡ് മാർഗം ബന്ധിപ്പിക്കുന്നതിനുള്ള  ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയടക്കമുള്ള ഗതാഗത പദ്ധതികൾ സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊങ്കൺ റെയിൽവെ കോർപ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നൽകിയിട്ടുണ്ട്. കിഫ്ബിയിൽ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങൾക്കു ശേഷം കൊങ്കൺ റെയിൽവെ കോർപ്പറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാൽ മറ്റ് നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: പാലാരിവട്ടം പാലം നിർമാണം എട്ടുമാസത്തിനകം പൂർത്തിയാക്കും; മേൽനോട്ട ചുമതല ഇ ശ്രീധരന്

ഇപ്പോൾ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അതിവർഷമുണ്ടാകുമ്പോൾ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണം അടക്കമുള്ള മറ്റ് റോഡ് നിർമാണ പദ്ധതികളും 100 ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പദ്ധതി പ്രദേശത്ത് വിദഗ്ധ സംഘം സന്ദർശനം നടത്തി. പൊതുമരാമത്ത് വകുപ്പിന്റെയും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെയും സംയുക്തസംഘം തുരങ്കപാത അവസാനിക്കുന്ന വയനാട്ടിലെ കള്ളാടിയിലാണ് ബുധനാഴ്ച സന്ദര്‍ശനം നടത്തിയത്.

ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. ഇതിൽ തുരങ്കത്തിൻറെ നീളം 6.8 കിലോമീറ്റർ വരും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നാണ് തുരങ്കപാത ആരംഭിക്കുന്നത്.

ചൊവ്വാഴ്ചയാണ് വിദഗ്ധ പഠനം ആരംഭിച്ചത്. ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ചൊവ്വാഴ്ച ആനക്കാംപൊയിലിലെ മറിപ്പുഴ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനക്കായാണ് കള്ളാടിയിലും സന്ദര്‍ശനം നടത്തിയത്.

Read More: ചുരമില്ലാതെ വയനാട് യാത്ര: തുരങ്കപ്പാതയ്ക്കു വിശദപഠനം നടത്തും

മറിപ്പുഴയില്‍ വനഭൂമിയില്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് അധികൃതര്‍ ബുധനാഴ്ച കോഴിക്കോട് ഡിഎഫ്ഒക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. തുരങ്കപാത തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍ തിട്ടപ്പെടുത്തികഴിഞ്ഞാല്‍ സര്‍വേ നടപടികള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.