ന്യൂഡല്‍ഹി: അനഘ ജെ കോലത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022ലെ യുവ പുരസ്കാരം. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരത്തിനാണു പുരസ്കാരം. സേതുവിനാണു 2022ലെ ബാലസാഹിത്യ പുരസ്കാരം. ‘ചേക്കുട്ടി’ എന്ന നോവലിനാണു പുരസ്കാരം.
അനഘയുടേത് ഉള്‍പ്പെടെ എട്ടു പുസ്തകങ്ങളാണു മലയാളത്തില്‍നിന്നു പുരസ്കാരത്തിനായി പരിഗണിച്ചത്. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെ എം അനില്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
23 ഭാഷകളിലെ യുവ പുരസ്കാര ജേതാക്കളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്്. മറാത്തി ഭാഷയ്ക്കുള്ള പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.
അന്‍പതിനായിരം രൂപയും ഫലകമടങ്ങുന്നതാണു യുവ പുരസ്കാരം. പുരസ്കാര സമര്‍പ്പണ തിയതി പിന്നീട് അറിയിക്കും. പുസ്തകം പ്രസിദ്ധീകരിച്ച വര്‍ഷം ജനുവരി ഒന്നിനു 35 വയസില്‍ കവിയാത്തവരെയാണു യുവ പുരസ്കാരത്തിനു പരിഗണിക്കുന്നത്.
സേതുവിന്റെ ഉള്‍പ്പെടെ ഏഴു കൃതികളാണു പുരസ്കാരത്തിനു പരിഗണിച്ചത്. ആലങ്കോട് ലീലാകൃഷ്ണന്, ഡോ. കെ ജയകുമാര്‍, യു കെ കുമാരന് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഇത്തവണ പഞ്ചാബി ഭാഷയ്ക്കു പുരസ്കാരമില്ല. സന്താളി ഭാഷയ്ക്കുള്ള പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.
അന്‍പതിനായിരം രൂപയും ഫലകമടങ്ങുന്ന പുരസ്കാരം നവംബര്‍ 14നു ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.