കണ്ണൂര്‍: കേരളത്തില്‍ ആസൂത്രിതമായ കലാപം ഉണ്ടാക്കാനുളള ആര്‍എസ്എസിന്റെ ശ്രമങ്ങളാണ് കണ്ണൂരിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ. സമാധാനം പുനസ്ഥാപിക്കാന്‍ കണ്ണൂരില്‍ ശ്രമം നടക്കുന്നതിനിടയിലാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു.

‘എസ്പിയുടെ നേതൃത്വത്തില്‍ ഞാന്‍ അടക്കമുളളവര്‍ ചേര്‍ന്ന് സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പറയത്തക്ക സംഘര്‍ഷമില്ലാത്ത തലശ്ശേരിയില്‍ പ്രശ്നത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇവരുടെ നേതൃത്വത്തിന്റെ അറിവോടെയാണ് കലാപശ്രമം നടക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.

സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ ശശിയുടെ വീടിന് നേരെ ഉണ്ടായ ബോബേറോടെയാണ് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. തൊട്ട് പിന്നാലെ ആര്‍.എസ്.എസ് സംഘചാലക് പി.ചന്ദ്രശേഖരന്റെ വീടിന് നേരെയും ബോംബേറുണ്ടായി. രാത്രിയോടെയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു നേരെ ബോംബേറുണ്ടായത്.

ഷംസീറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിന് നേരെ ബോംബേറുണ്ടായി.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ശശിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്.പിന്നാലെ ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പിയുടെ തലശ്ശേരി വാടിയില്‍ പീടികയിലുളള തറവാട് വീടിന് നേരെയും ഒരു സംഘം ബോംബെറിഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook